കോഴിക്കോട്: കോഴിക്കോട് എൻ.ഐ.ടിയിൽ വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധത്തിനിടെ സംഘർഷം. എസ്.എഫ്.ഐ പ്രവർത്തകർക്ക് പരിക്കേറ്റു. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് എൻ.ഐ.ടിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഒരു വിദ്യാർത്ഥിയെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിനെതിരെയായിരുന്നു പ്രതിഷേധം. ബാരിക്കേഡ് മറികടന്ന് അകത്തുകയറാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലീസ് ലാത്തിവീശി. ഏരിയാ പ്രസിഡന്റ് യാസിർ, സംസ്ഥാന കമ്മിറ്റി മെമ്പർ മിഥുൻ എന്നിവർക്ക് പരിക്കേറ്റു.

ഇന്ത്യ രാമരാജ്യമല്ലെന്ന് പോസ്റ്റർ ഉയർത്തിയതുമായി ബന്ധപ്പെട്ട സംഘർത്തെ തുടർന്ന് നാലാം വർഷ വിദ്യാർത്ഥി വൈശാഖ് പ്രേംകുമാറിനെയാണ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തതായി എൻഐടി ഡീൻ ഉത്തരവിറക്കിയത്. വൈശാഖിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് വ്യാഴാഴ്ച ക്യാംപസിലേക്ക് വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തിയത്.

വിദ്യാർത്ഥിയെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എൻ.ഐ.ടി. ക്യാമ്പസിന് മുന്നിൽ പ്രതിഷേധത്തെരുവും ഫ്രട്ടേണിറ്റി മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പസ് കവാടത്തിന് മുന്നിൽ നിലയുറപ്പിച്ചിരുന്നു. ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ മാർച്ച് ക്യാമ്പസ് ഗെയിറ്റിന് മുന്നിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടന്ന് പ്രവർത്തകർ ക്യാമ്പസിലേക്ക് കടക്കാൻ ശ്രമിച്ചതോടെ നേരിയ ഉന്തുംതള്ളുമുണ്ടായി.

'ഒരു വർണമല്ല, വർണവൈവിധ്യങ്ങളുടെ ഇന്ത്യ, ഇന്ത്യ രാമരാജ്യമല്ല, ഇന്ത്യ മതേതര രാജ്യം' എന്നീ മുദ്രാവാക്യങ്ങളുമായി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി ക്യാമ്പസ് കവാടത്തിന് മുന്നിൽ രാജ്യത്തിന്റെ ത്രിവർണഭൂപടം തീർത്തു. വൈകീട്ട് നാലരയ്ക്ക് നടന്ന പ്രതിഷേധത്തെരുവിൽ കെ.എസ്.യു. ജില്ലാ പ്രസിഡന്റ് വി.ടി. സൂരജ് അധ്യക്ഷനായി.