മണ്ണാർക്കാട്: പാലക്കാട്- കോഴിക്കോട് ദേശീയപാതയിൽ കൊമ്പം ഭാഗത്തെ വളവിൽ നിയന്ത്രണംവിട്ട കാർ തലകീഴായി മറിഞ്ഞ് അപകടം. യാത്രക്കാർക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകിട്ട് നാലരയ്ക്കാണ് സംഭവം. ചങ്ങലീരി മുട്ടിക്കൽ വീട്ടിൽ അബ്ദുൾറഹ്‌മാൻ (60), ഭാര്യ ഫാത്തിമ ബീവി (56) എന്നിവർക്കാണ് പരിക്കേറ്റത്.

ഇവർ കാറിൽ മണ്ണാർക്കാട് ഭാഗത്തേക്ക് വരികയായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ലെന്നും പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ഇവർ ആശുപത്രി വിട്ടതായും അധികൃതർ അറിയിച്ചു. യാത്രക്കാരെ രക്ഷിക്കാനായി കാറിന്റെ ഗ്ലാസ് ചവിട്ടിപൊട്ടിക്കുന്നതിനിടെ നാട്ടുകാരിലൊരാളുടെ കാലിന് മുറിവേൽക്കുകയും ചെയ്തു.