കൊച്ചി: പ്രായപൂർത്തിയാകാത്ത ബംഗാളി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് 82 വർഷം കഠിനതടവ്. ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും അടക്കണം. അസം നഗാവ് സ്വദേശി ഇഷ്ബുൾ ഇസ്‌ലാ(25)മിനാണ് പെരുമ്പാവൂർ ഫാസ്റ്റ് ട്രാക്ക് കോടതി (പോക്‌സോ) ജഡ്ജി ദിനേഷ് എംപിള്ള തടവും പിഴയും വിധിച്ചത്.

2021 ഓഗസ്റ്റിലാണ് സംഭവം. ബംഗാൾ മൂർഷിദാബാദ് സ്വദേശിയായ പതിമൂന്നുകാരിയേയാണ് ഇയാൾ കത്തി കാട്ടി ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയത്. അമ്മയോടോപ്പം കഴിയുകയായിരുന്നു പെൺകുട്ടി. കുറുപ്പംപടി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. ഇൻസ്‌പെക്ടർ വി എസ്.വിപിൻ, എഎസ്‌ഐ മനോജ് കുമാർ, സീനിയർ സിപിഒ അനീഷ് കുര്യാക്കോസ് സിപിഒമാരായ വിപിൻ വർക്കി, എൻ.പി.ബിന്ദു, ആർ.അജിത് തുടങ്ങിയവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ.എ.സിന്ധു ഹാജരായി.