- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആനക്കൊമ്പ് കേസിലെ പ്രതികൾ വിലങ്ങുമായി രക്ഷപ്പെട്ടു
നെടുമങ്ങാട്: ആനക്കൊമ്പിൽ തീർത്ത ശില്പം വിൽക്കാൻ ശ്രമിച്ച കേസിലെ രണ്ടു പ്രതികൾ പൊലീസ് കസ്റ്റഡിയിൽനിന്ന് വിലങ്ങുമായി രക്ഷപ്പെട്ടു. വനംവകുപ്പ് അറസ്റ്റുചെയ്ത പ്രതികളാണ് രക്ഷപ്പെട്ടത്. തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടയിലായിരുന്നു സംഭവം. വെഞ്ഞാറമൂട് തടത്തരികത്തു വീട്ടിൽ ശരത്, പേയാട് കുണ്ടമൺകടവിൽ ജോണി എന്നിവരാണ് രക്ഷപ്പെട്ടത്. ബുധനാഴ്ച വൈകീട്ട് നാലാഞ്ചിറ പാണൻവിളയിൽവച്ചാണ് ഇരുവരും പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടത്.
മണ്ണന്തല പൊലീസ് സ്റ്റേഷൻ പരിധിയിൽവച്ചാണ് ജോണിയും ശരത്തും കൈവിലങ്ങോടെ രക്ഷപ്പെട്ടത്. ഇവർക്കായി പൊലീസും വനംവകുപ്പും അന്വേഷണം ഊർജിതമാക്കി. ഇതേ കേസിൽ വെഞ്ഞാറമൂട് മാണിക്കൽ സ്വദേശി അശ്വിൻ, പേയാട് വിളപ്പിൽശാല സ്വദേശി മോഹൻ എന്നിവർ വനംവകുപ്പിന്റെ കസ്റ്റഡിയിലാണ്. ആനക്കൊമ്പ് കടത്താൻ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്.
പാലോട് വനംവകുപ്പ് ഉദ്യോഗസ്ഥരും വിജിലൻസും കഴിഞ്ഞദിവസം നടത്തിയ തിരച്ചിലിലാണ് ആനക്കൊമ്പിൽ പണിത ശില്പങ്ങൾ വില്ക്കാൻ ശ്രമിക്കുന്നതിനിടെ പരുത്തിപ്പാറ പാണൻവിളയിൽ നിന്നും നാലുപേരും അറസ്റ്റിലായത്. വനംവകുപ്പിന്റെ വിജിലൻസ് വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ അറസ്റ്റുചെയ്തതും രക്ഷപ്പെട്ടതും വനംവകുപ്പിന്റെ പാലോട് റെയ്ഞ്ച് ഓഫീസ് രഹസ്യമായി സൂക്ഷിക്കുന്നതായി ആരോപണമുയർന്നിട്ടുണ്ട്.
പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്നും മണ്ണന്തല പൊലീസ് ആരോപിക്കുന്നു. പ്രതികളുടെ കൈവിലങ്ങ് അഴിക്കണമെന്ന് വനപാലകർ ആവശ്യപ്പെട്ടിരുന്നതായും പൊലീസ് പറയുന്നു.



