മലപ്പുറം: കരാറുകാരനിൽനിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഡ്രാഫ്റ്റ്‌സ്മാൻ വിജിലൻസ് പിടിയിലായി. മലപ്പുറം കോട്ടക്കുന്ന് ജല അഥോറിറ്റി സർക്കിൾ ഓഫീസിലെ ഡ്രാഫ്റ്റ്‌സ്മാനായ പാലക്കാട് ചിറ്റൂർ സ്വദേശി എം. രാജീവ് (41) ആണ് വിജിലൻസിന്റെ പിടിയിലായത്. ജൽജീവൻ മിഷന്റെ പദ്ധതിക്കുള്ള പൈപ്പ് കണക്ഷൻ നൽകുന്ന റോഡ് കുഴിക്കാനുള്ള അനുമതിക്കായി പി.ഡബ്ല്യു.ഡി.യിൽ സമർപ്പിക്കേണ്ട എസ്റ്റിമേറ്റ് വേഗം തയ്യാറാക്കുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്.

വേങ്ങര കണ്ണമംഗലം പഞ്ചായത്തിലെ കരാറുകാരൻ മുഹമ്മദ് ഷഹീദിൽനിന്നാണ് കൈക്കൂലി വാങ്ങിയത്. പരാതിക്കാരനിൽനിന്ന് ഓഫീസിൽവെച്ച് പണംവാങ്ങുമ്പോഴാണ് വിജിലൻസ് മലപ്പുറം യൂണിറ്റ് ഡിവൈ.എസ്‌പി. ഫിറോസ് എം. ഷഫീഖിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്.

ഇൻസ്‌പെക്ടർ ജ്യോതീന്ദ്രകുമാർ, പൊലീസ് സബ് ഇൻസ്‌പെക്ടർ മോഹനകൃഷ്ണൻ, ശ്രീനിവാസൻ, സലീം, മധുസൂദനൻ, എസ്.സി.പി.ഒ.മാരായ ജിപ്സൺ, വിജയൻ, സുബിൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.