- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയോധികയെ പെരുവഴിയിലാക്കിയത് 10,000 രൂപയുടെ ബാധ്യത
കൊല്ലം: മൂന്നു മക്കളും തിരിഞ്ഞ് നോക്കാതായെങ്കിലും മേരിയമ്മയ്ക്ക് ആകെയുള്ള സമാധാനം കേറിക്കിടക്കാൻ ഒരു വീട് ഉണ്ടായിരുന്നു എന്നതാണ്. എന്നാൽ ആരൊക്കെയൊ ഒരുക്കിയ ചതിയിൽ കിടപ്പാടവും നഷ്ടമായതോടെ കയ്യിൽ യൂറിൻ ബാഗും പിടിച്ചു വീട്ടു മുറ്റത്ത് നിന്നും ആ വയോധിക പൊട്ടിക്കരഞ്ഞു. കോടതി ഉത്തരവോടെ വീടു പൂട്ടി താക്കോലെടുത്ത് ഉദ്യോഗസ്ഥർ പോവുകയും പെറ്റുവളർത്തിയ മൂന്നു മക്കളും കയ്യൊഴിയുകയും ചെയ്തതോടെ എങ്ങോട്ട് പോകണമെന്നറിയാതെ നിന്ന മേരിയമ്മയെ നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് അഭയകേന്ദ്രത്തിലേക്ക് മാറ്റി.
ധരിച്ചിരുന്ന വസ്ത്രങ്ങളല്ലാതെ വീട്ടിനുള്ളിൽനിന്ന് തന്റേതായതൊന്നും എടുക്കുന്നതിനു മുന്നേയാണ് കോടതി ഉത്തരവിനെ തുടർന്ന് എത്തിയ ഉദ്യോഗസ്ഥർ വീട് പൂട്ടിയത്. ഒടുവിൽ ജനപ്രതിനിധികളുടെയും ജീവകാരുണ്യപ്രവർത്തകരുടെയും നേതൃത്വത്തിൽ അഭയകേന്ദ്രത്തിലേക്ക് മാറ്റാനായി വാഹനത്തിലേക്ക് എടുത്തുകയറ്റുമ്പോഴും അവർ നിലവിളിച്ചുകൊണ്ടിരുന്നു. ആരുടെയും കരളലിയിക്കുന്ന ആ വൃദ്ധയുടെ നിസ്സഹായാവസ്ഥയിൽ ജന്മം നൽകിയ മക്കളാവട്ടെ ഒന്നു തിരിഞ്ഞു നോക്കിയതു പോലും ഇല്ല.
രാമൻകുളങ്ങര കൊച്ചുനട ക്ഷേത്രത്തിനു സമീപം ലക്ഷംവീട് കോളനിയിൽ നെടുംപുരയിടം വീട്ടിൽ മേരി(75)ക്കാണ് ആരൊക്കെയോ ചേർന്ന് ഒരുക്കിയ ചതിയിൽ കിടപ്പാടം നഷ്ടമായത്. 15 വർഷംമുമ്പ് മൂന്നുസെന്റ് പുരയിടവും വീടും വിൽക്കാനായി 10,000 രൂപ അഡ്വാൻസ് വാങ്ങിയിരുന്നു. എന്നാൽ പിന്നീട് വിൽപ്പന നടത്തുകയോ പണം വാങ്ങുകയോ ചെയ്തില്ല. വീട് വാങ്ങാനായി മുൻകൂർ പണം നൽകിയവർ കോടതിയെ സമീപിക്കുകയും കോടതിയിൽ പണം കെട്ടിവയ്ക്കുകയും ചെയ്തതോടെ വീടൊഴിഞ്ഞ് താക്കോൽ കൈമാറാൻ ഉത്തരവായി. തുടർന്ന് വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെ കോടതിയിൽനിന്നെത്തിയ ഉദ്യോഗസ്ഥർ മേരിയെ പുറത്താക്കി വീട് പൂട്ടി.
എന്നാൽ വീട് വിൽപ്പനയ്ക്കുവെച്ചതോ അഡ്വാൻസ് വാങ്ങിയതോ ഒന്നും മേരിയുടെ ഓർമയിലില്ല. വീടിന്റെ ആധാരം ബാങ്കിൽ പണയമാണ്. തിരിച്ചടവ് മുടങ്ങിയതോടെ പലതവണയായി ബാങ്കിൽനിന്ന് നോട്ടീസ് വന്നു. അതിനെക്കുറിച്ചും മേരിക്ക് അറിവില്ല. മൂന്നു മക്കളുണ്ടെങ്കിലും ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങളുള്ള മേരി തനിച്ചാണ് താമസിച്ചിരുന്നത്. യൂറിൻ ട്യൂബും മറ്റും മാറ്റാൻ ആരോഗ്യപ്രവർത്തകരെത്തും. സന്നദ്ധസംഘടനകൾ ദിവസവും ഭക്ഷണമെത്തിക്കും. ചെറിയ സഹായങ്ങൾക്ക് അയൽവാസികളും ചെയ്തു നൽകിയതോടെയാണ് മേരിയമ്മ ജീവിച്ചിരുന്നത്.
വീട്ടിൽനിന്നു പുറത്താക്കിയതറിഞ്ഞെത്തിയ കൗൺസിലർ എസ്.ജയനും ജീവകാരുണ്യപ്രവർത്തകരായ ഗണേശനും ബാബുവും മറ്റും ചേർന്നാണ് കോയിവിള ബിഷപ്പ് ജെറോം അഭയകേന്ദ്രത്തിലേക്ക് മാറ്റിയത്. മേരിയുടെ മക്കളെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഏറ്റെടുക്കാൻ കഴിയില്ലെന്ന മറുപടിയാണ് കിട്ടിയതെന്ന് കൗൺസിലർ പറഞ്ഞു.



