- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാട് മാനന്തവാടി ടൗണിൽ കാട്ടാനയിറങ്ങി; സ്‌കൂളുകളിലേക്ക് വിദ്യാർത്ഥികളെ അയക്കരുതെന്ന് അറിയിപ്പ്: മേഖലയിൽ നിരോധനാജ്ഞ
മാനന്തവാടി: വയനാട് മാനന്തവാടി ടൗണിൽ കാട്ടാനയിറങ്ങി. നഗരത്തോട് ചേർന്ന പ്രദേശത്ത് കാട്ടാന നിലയുറപ്പിച്ചതിനാൽ മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സ്‌കൂളുകളിലേക്ക് വിദ്യാർത്ഥികളെ അയക്കരുതെന്ന് തഹസിൽദാർ മുന്നറിയിപ്പ് നൽകി. നഗരത്തിൽനിന്ന് മൂന്ന് കിലോമീറ്റർ മാത്രം അകലെയുള്ള കണിയാരത്തും പായോടുമാണ് ഒറ്റയാനെത്തിയത്. റേഡിയോ കോളർ ഘടിപ്പിച്ച ആനയാണ് ജനവാസകേന്ദ്രത്തിലെത്തിയത്. കർണാടകയിൽനിന്നുള്ള ഒറ്റയാനാണ് ഇതെന്നാണ് സംശയം.
മാനന്തവാടിയിലെ സ്‌കൂളുകളിൽ എത്തിയ കുട്ടികൾ ക്ലാസിൽ തന്നെ തുടരാനും സ്‌കൂളിലേക്ക് പുറപ്പെടാനൊരുങ്ങിയ കുട്ടികൾ വീട്ടിൽ തുടരാനും അധികൃതർ നിർദ്ദേശിച്ചു. മാനന്തവാടി ടൗൺ കേന്ദ്രീകരിച്ചുള്ള സ്‌കൂളുകളിലേക്ക് ഒരറിയിപ്പുണ്ടാകുന്നത് വരെ വിദ്യാർത്ഥികളെ അയയ്ക്കരുതെന്നു തഹസിൽദാർ അറിയിച്ചു. നിലവിൽ സ്‌കൂളുകളിലെത്തിയ വിദ്യാർത്ഥികളെ പുറത്തിറക്കാതെ സുരക്ഷിതമായി നിർത്തണമെന്നാണു നിർദ്ദേശം.
ആനയെത്തിയ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകർ പ്രദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. ഗോദാവരി കോളനിക്കു സമീപവും കണിയാരം ലക്ഷം വീട് കോളനിക്കു സമീപത്തെ വയലിലും ആനയെത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. എടവക പഞ്ചായത്തിലെ പായോടാണ് ഇന്നലെ രാത്രി കാട്ടാനയിറങ്ങിയത്. വനമില്ലാത്ത പഞ്ചായത്തിൽ ജനവാസ മേഖലയിലാണ് കാട്ടാന എത്തിയത്. രാവിലെ പാൽ കൊണ്ട് പോയ കർഷകരാണ് ആനയെ ആദ്യം കണ്ടത്.
ആന എട്ട് മണിയോടെ മാനന്തവാടി ടൗണിനു സമീപത്തെത്തി. ഒൻപതോടെ താഴെയങ്ങാടിക്ക് സമീപത്തുള്ള വയലിൽ കാട്ടാന എത്തി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്റ്റർ ഡോ. രേണു രാജ് അറിയിച്ചു. ആളുകൾ മാനന്തവാടി ടൗണിൽ വരുന്നത് പരമാവധി ഒഴിവാക്കണം. ആനയെ പിന്തുടരുകയോ ദൃശ്യം എടുക്കുകയോ ചെയ്യരുത്. ആനയെ പിടികൂടുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും ജില്ലാ കളക്റ്റർ അറിയിച്ചു. ആഴ്ചകൾക്ക് മുൻപ് മാനന്തവാടിയുടെ സമീപ പ്രദേശങ്ങളിലിറങ്ങിയ കരടി ആശങ്കയുണ്ടാക്കിയിരുന്നു. ഈ ആശങ്ക നീങ്ങിയപ്പോഴാണ് ജനവാസ കേന്ദ്രങ്ങളിൽ ആനയെത്തിയത്.



