- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വർഗീയതയോട് ചേരുന്നതിൽ ചില സാംസ്‌കാരിക പ്രവർത്തകർ അഭിമാനിക്കുന്നു; രാജ്യത്തെ മതരാഷ്ട്രമെന്ന നിലയിലേക്ക് മാറ്റാനുള്ള ശ്രമം അതിവേഗം നടക്കുന്നു'; പൗരത്വഭേദഗതി ഒരു വിഭാഗത്തെ പുറത്താക്കാനെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: മതേതര- ജനാധിപത്യ- റിപ്പബ്ലിക്കായ രാജ്യത്തെ മതരാഷ്ട്രമെന്ന നിലയിലേക്ക് മാറ്റാനുള്ള ശ്രമം അതിവേഗത്തിൽ നടന്നുകൊണ്ടിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബാബരി മസ്ജിദ് ഹിന്ദുത്വ വർഗീയ വാദികളാൽ തകർക്കപ്പെട്ടു. അവിടെത്തന്നെ കേന്ദ്രമാക്കി പിന്നെയും വർഗീയ- രാഷ്ട്രീയ കൊടുങ്കാറ്റ് ഉയർത്താൻ കഴിയുമോയെന്ന് ഭരണനേതൃത്വത്തിന്റെ കാർമികത്വത്തിൽ ശ്രമങ്ങൾ നടക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ദേശാഭിമാനി സാഹിത്യ പുരസ്‌കാര സമർപ്പണ സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
വർഗീയതയോട് ചേരുന്നതിൽ കേരളത്തിലെ ചില സാംസ്‌കാരിക പ്രവർത്തകർ അഭിമാനിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അയോധ്യ വിഷയവുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെയാണ് വിമർശനം ഉന്നയിച്ചത്. ബാബറി മസ്ജിദ് തകർത്തത് ഹിന്ദുത്വ വർഗീയവാദികളാണെന്നും അധികാരവും പൗരോഹിത്യവും ഒന്നിച്ചാൽ ദുരന്ത ഫലമാണ് ഉണ്ടാവുകയെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. ചില മാധ്യമങ്ങൾ മാത്രമാണ് ഇക്കാര്യം തുറന്ന് കാണിച്ചത്.
പൗരസമൂഹത്തിലെ ഒരു വിഭാഗത്തെ പുറത്താക്കാൻ മാത്രം വഴിവെക്കുന്നതാണ് പൗരത്വഭേദഗതി. അത് ഉടൻ നടപ്പാക്കും എന്ന പ്രഖ്യാപനം കേട്ടുകൊണ്ടിരിക്കുകയാണ്. ഭേദഗതി സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന് അത് വന്നയുടനെ തന്നെ പ്രഖ്യാപിച്ച സർക്കാരാണ് കേരളത്തിലെ എൽഡിഎഫ് സർക്കാർ. ഇപ്പോഴും അവിടെ തന്നെയാണ് നിൽക്കുന്നത്. തുടർച്ചയായി ഇത്തരത്തിലുള്ള വിപത്തുകളുടെ കേളികൊട്ട് ഉയരുന്നത് ഗൗരവമായി കാണേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അധികാരവും പൗരോഹിത്വവും കൂട്ടുചേർന്നാൽ ഉണ്ടായേക്കാവുന്ന ദുരന്തഫലങ്ങൾ എന്തൊക്കെയാണെന്നതിന്റെ ദൃഷ്ടാന്തങ്ങൾ ചരിത്രത്തിൽ എമ്പാടുമുണ്ട്. ആ പ്രാകൃത കാലത്തേക്ക് നാടിനെ നയിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.