കണ്ണൂർ: യാത്രക്കാർക്ക് തീരാതലവേദനയായി തലശേരിയിൽ വീണ്ടും റെയിൽവേ ഗേറ്റ് വാഹനമിടിച്ചു തകർന്നു. അഞ്ചരക്കണ്ടി- തലശേരി വിമാനത്താവള റോഡിലെ കൊടുവള്ളിയിൽ റെയിൽവേഗേറ്റ് ധൃതിയിൽ മുറിച്ചുകടക്കുന്നതിനിടെ ഓട്ടോറിക്ഷയിലിടിക്കുകയും റെയിൽവേ ഗേറ്റ് ഇടിച്ചുതകർക്കുകയും ചെയ്ത ടിപ്പർലോറി ഡ്രൈവർക്കെതിരെ റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സ് കേസെടുത്തു.

കെ. എൽ. 58 എ.ജിയെന്ന ടിപ്പർ ലോറി ഡ്രൈവർ പിണറായി സ്വദേശി അഖിലിനെതിരെയാണ് ആർ.പി. എഫ് ഇൻസ്പെക്ടർ കെ.വി മനോജ് കേസെടുത്തത്. വെള്ളിയാഴ്‌ച്ച രാവിലെ ഒൻപതരയോടെയാണ് സംഭവം. ഇതേ തുടർന്ന് അഞ്ചരക്കണ്ടി, തലശേരി റൂട്ടിലെ വാഹനങ്ങൾ ധർമടം പൊലിസ് വഴിതിരിച്ചുവിട്ടു. രാവിലെ ഒൻപതരയോടെ യശ്വന്ത്പൂർ എക്സ്പ്രസ്‌കടത്തിവിടുന്നതിനായി റെയിൽവേഗേറ്റ് അടയ്ക്കാനായി തുടങ്ങുമ്പോൾ അമിതവേഗതയിൽ മുറിച്ചുകടക്കാനായി തലശേരി ഭാഗത്തുനിന്നുമെത്തിയ ടിപ്പർ ലോറി ഓട്ടോറിക്ഷയിലിടിക്കുകയും റെയിൽവേഗേറ്റ് ഇടിച്ചുതെറിപ്പിക്കുകയുമായിരുന്നു.

കെ. എൽ. 58 എ.ജിയെന്ന ടിപ്പർ ലോറിയാണ് അപകടമുണ്ടാക്കിയത്. അപകടത്തെ തുടർന്ന് ടിപ്പർ ലോറി ഡ്രൈവറും ഓട്ടോറിക്ഷാ ഡ്രൈവറും ഏറെ നേരം വാക്തർക്കമുണ്ടായി. വിവരമറിഞ്ഞെത്തിയ ധർമടം പൊലിസ് ഇരുവരെയും അവിടെ നിന്നും മാറ്റിയതിനു ശേഷം ഗേറ്റ് അടച്ചു.അറ്റക്കുറ്റപണികൾ അടിയന്തിരമായി പൂർത്തിയാക്കിയതിനു ശേഷം വൈകുന്നേരമാണ് റെയിൽഗേറ്റ് തുറന്ന് ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടസമയത്ത് ഓട്ടോറിക്ഷയിൽ യാത്രക്കാരുണ്ടായിരുന്നുവെങ്കിലും ഇവർക്ക് പരുക്കേറ്റിട്ടില്ല.

ട്രെയിൻ കടന്നുപോയതിന് ശേഷവും റെയിൽവെ ഗേറ്റ് തുറക്കാൻ കഴിയാത്തതിനെ തുടർന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ മണിക്കൂറുകളോളം വഴിയിൽ കുടുങ്ങി.സംഭവമറിഞ്ഞെത്തിയധർമടം പൊലിസാണ് ഗതാഗതം വഴിതിരിച്ചുവിട്ടത്.അതേസമയംകൊടുവള്ളിയിലെ ഗേറ്റ് വാഹനമിടിച്ചു തകരുന്നത് പതിവാണെന്ന് വാഹനയാത്രക്കാരും നാട്ടുകാരും ആരോപിച്ചു. ഗേറ്റ് അടയ്ക്കുന്നതിന് മുൻപായി കടന്നുപോകുന്നതിനായി ചെറുതും വലുതുമായ വാഹനങ്ങൾ ഇതുവഴി അമിത വേഗതയിലാണ് സഞ്ചരിക്കുന്നത്.

ഇവിടെ സ്ഥിരമായി രാവിലെയും വൈകുന്നേരവും ട്രാഫിക്ക് പൊലിസിനെ നിർത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.ഇതുവഴിയുള്ള യാത്രാദുരിതം പരിഹരിക്കുന്നതിനായി നിർമ്മിക്കുന്ന റെയിൽവെമേൽപാലം യാഥാർത്ഥ്യമായാൽ മാത്രമേ ഈപ്രശ്നങ്ങൾക്ക് പരിഹാരമാവുകയുള്ളൂവെന്ന അഭിപ്രായമാണ് പ്രദേശവാസികൾക്കുള്ളത്. കഴിഞ്ഞ ഒരുവർഷത്തിനിടെയിൽ നിരവധി തവണയാണ് കൊടുവള്ളി റെയിൽവേ ഗേറ്റ്തകർന്നത്. നടാൽ റെയിൽവെ ഗേറ്റും, താഴെചൊവ്വയിലെ റെയിൽവെ ഗേറ്റും നിരവധി തവണ വാഹനങ്ങൾ ഇടിച്ചുതകർന്നിട്ടുണ്ട്. തലശേരിയിൽ നിന്നും ഏറ്റവും അധികമാളുകൾ സഞ്ചരിക്കുന്നതാണ് അഞ്ചരക്കണ്ടി വഴിയുള്ള വിമാനത്താവളം റോഡ്.