തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയെപ്പറ്റിയുള്ള നിജസ്ഥിതി സർക്കാർ വ്യക്തമാക്കണമെന്ന് ബിജെപി നേതാവ് എം ടി. രമേശ്. സാമ്പത്തിക പ്രതിസന്ധി ഇല്ലെങ്കിൽ എന്തിനാണ് കടമെടുക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്നാണ് ധനകാര്യവകുപ്പ് പറയുന്നത്. എന്നാൽ ചീഫ് സെക്രട്ടറി നൽകിയ സത്യവാങ്മൂലത്തിൽ ഗുരുതര സാമ്പത്തിക സാഹചര്യമാണ് ചൂണ്ടിക്കാട്ടുന്നത്. ഇതിൽ ഏതാണ് സത്യമെന്ന് സർക്കാർ വ്യക്തമാക്കണമെന്നും രമേശ് ആവശ്യപ്പെട്ടു.

സാമ്പത്തിക വർഷത്തിന്റെ അവസാനം നൽകേണ്ട തുക മുൻകൂർ നൽകിയതുകൊണ്ടാണ് കഴിഞ്ഞ മാസങ്ങളിൽ മന്ത്രിമാർ ശമ്പളം വാങ്ങിയതെന്ന് എം ടി. രമേശ് പറഞ്ഞു. അതുകൊണ്ട് ഡൽഹിയിൽ പോയി മുഖ്യമന്ത്രിയും മന്ത്രിമാരും സമരമല്ല, മറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.