കൊച്ചി: സംസ്ഥാനത്തു ഡ്രൈവിങ് ലൈസൻസും ആർസിയും (റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്) ലഭിക്കാൻ കാത്തിരിക്കുന്നവരുടെ എണ്ണം ഏഴര ലക്ഷം കടന്നു. കരാർ കമ്പനിക്കു കോടിക്കണക്കിനു രൂപയുടെ കുടിശ്ശിക വരുത്തിയതോടെ അച്ചടി നിർത്തിവച്ചതാണു മുൻപെങ്ങുമില്ലാത്ത പ്രതിസന്ധിക്കു കാരണം. ഡ്രൈവിങ് ലൈസൻസും ആർസിയും അച്ചടിക്കാൻ കരാറെടുത്ത സ്ഥാപനത്തിന് എട്ടു കോടിയോളം രൂപ സർക്കാർ കുടിശിക വരുത്തിയതോടെയാണു കരാറെടുത്ത സ്ഥാപനം അച്ചടി നിർത്തിവച്ചത്.

അച്ചടി സ്ഥാപനത്തിനു മാത്രമല്ല തപാൽ വകുപ്പിനും നൽകാനുണ്ട് കോടികൾ. രേഖകൾ വാഹനഉടമകൾക്കു അയച്ചു നൽകിയ ഇനത്തിൽ മൂന്നു കോടിയോളം രൂപയാണ് തപാൽവകുപ്പിനും കുടിശികയുള്ളത്. കഴിഞ്ഞ നവംബർ 16നാണ് ഡ്രൈവിങ് ലൈസൻസിന്റെ അച്ചടി പൂർണ്ണമായും നിർത്തിയത്. പിന്നാലെ 23ന് ആർസി ബുക്ക് അച്ചടിയും നിർത്തിവച്ചു. ആർസി, ലൈസൻസ് എന്നിവയ്ക്ക് അപേക്ഷകരിൽനിന്ന് 245 രൂപ മുൻകൂറായി സർക്കാർ ഈടാക്കുന്നുണ്ട്. എന്നിട്ടും കരാർ സ്ഥാപനത്തിനു കോടികളുടെ കുടിശ്ശിക വരുത്തിയതാണ് പ്രതിസന്ധിക്ക് കാരണമായത്.

ആർസി കിട്ടാത്തതിനാൽ ടെസ്റ്റ് നടത്തൽ, പെർമിറ്റ് എടുക്കൽ, വാഹനക്കൈമാറ്റം എന്നിവയും മുടങ്ങി. ഡ്രൈവിങ് ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കി മാസങ്ങൾ കഴിഞ്ഞിട്ടും ലൈസൻസ് ലഭിക്കാത്തവരും പുതിയ വാഹനത്തിന് ആർസി ലഭിക്കാത്തവരും ഓഫിസിലെത്തി വാക്കുതർക്കമുണ്ടാക്കുന്നതു പതിവായതോടെ മോട്ടർ വാഹന ഉദ്യോഗസ്ഥർ കടുത്ത സമ്മർദത്തിലാണ്.

ആർസി കിട്ടാത്തതിനാൽ മറ്റു സംസ്ഥാനങ്ങളിലേക്കു പോകേണ്ട ലോറി, ബസ് തുടങ്ങിയവയുടെ യാത്രയും പ്രതിസന്ധിയിലായി. ഫിറ്റ്‌നസ് ടെസ്റ്റിനായി ഹാജരാക്കുന്ന പഴയ വാഹനങ്ങളുടെ ആർസി ആർടി ഓഫിസിൽ നൽകിയാൽ പിന്നീടു നൽകുന്നതു പുതിയ പിവിസി കാർഡുകളായതിനാൽ ഈ വാഹനങ്ങളും പ്രതിസന്ധിയിലാണ്.