- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്ത് വീടുകളിലെ കിണറുകളിൽ ആസിഡും ഓയിലും ഒഴിച്ചു; പ്രതി അറസ്റ്റിൽ
കൊടുമൺ: ഐക്കാട് പടിഞ്ഞാറ് 10 വീടുകളിലെ കിണറുകളിൽ റബ്ബർ പാൽ ഉറയ്ക്കാൻ ഉപയോഗിക്കുന്ന ആസിഡും വാഹനങ്ങളുടെ ഓയിലും കലർത്തിയതായി പരാതി. നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ കൊടുമൺ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മാനസികരോഗി ആണെന്ന് പൊലീസ് പറഞ്ഞു.
പത്തനംതിട്ട കോടതിയിൽ ഹാജരാക്കിയ ഇയാളെ മാനസികരോഗ ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. വെള്ളം കുടിച്ച ഒരുകുട്ടിക്ക് വയറിന് അസുഖം ബാധിച്ച് ചികിത്സയിലാണ്. കൂടുതൽ കിണറുകളിലും ആസിഡാണ് ഒഴിച്ചത്. മൂന്ന് കിണറുകളിൽ ഓയിലും ഒഴിച്ചെന്ന് സംശയിക്കുന്നു.വ്യാഴാഴ്ച രാത്രിയിലായിരിക്കാം ആസിഡും ഓയിലും ഒഴിച്ചതെന്ന് കരുതുന്നു.
രാവിലെ ചിലർ വെള്ളം ഉപയോഗിച്ച് മുഖം കഴുകിയപ്പോൾ നീറിയതിനെത്തുടർന്നാണ് കിണറ്റിൽ മാലിന്യം കലർത്തിയതായി മനസ്സിലായത്. ചില വീടുകളിൽ സൂക്ഷിച്ചിരുന്ന ആസിഡാണ് എടുത്തുകൊണ്ടുപോയി കിണറുകളിൽ ഒഴിച്ചത്. മൂന്നു വീടുകളിൽ ടാപ്പുകൾ തുറന്നുവിട്ട് വെള്ളം ഒഴുക്കിക്കളഞ്ഞിരുന്നു.
രാത്രിയിൽ കിണറ്റിൽനിന്ന് വെള്ളംകോരിക്കുടിച്ച കുട്ടിക്കാണ് വയറിളക്കം ഉണ്ടായത്. ആരോഗ്യവകുപ്പ് അധികൃതർ എത്തി വെള്ളം പരിശോധനയ്ക്കായി കൊണ്ടുപോയി. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരൻ, അംഗം രതീദേവി എന്നിവർ സ്ഥലത്തെത്തി.



