കോഴിക്കോട്: പ്രസംഗത്തിന് ശേഷം മന്ത്രിക്കൊപ്പം 'ഭാരത് മാതാ കീ ജയ്' ഏറ്റുവിളിച്ചില്ലെന്ന കാരണത്താൽ സദസിനോട് ക്ഷോഭിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. കോഴിക്കോട് നടന്ന എവേക്ക് യൂത്ത് ഫോർ നേഷൻ പരിപാടിയിലാണ് കേന്ദ്രമന്ത്രി സദസിനോട് ക്ഷോഭിച്ചത്.

കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളിൽ നടന്ന പരിപാടിയിലാണ് സംഭവം. തന്റെ പ്രസംഗത്തിന്റെ അവസാനം മന്ത്രി 'ഭാരത് മാത കീ ജയ്' എന്ന് വിളിച്ചു. എന്നാൽ, സദസ് ഇത് ശക്തിയിൽ ഏറ്റുവിളിച്ചില്ല. ഇതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്.

സദസിൽ ഇരുന്ന സ്ത്രീയോട് 'ഭാരതം നിങ്ങളുടെ അമ്മയല്ലേ, അല്ലെങ്കിൽ വീട്ടിൽനിന്ന് പുറത്തുപോകണം' എന്ന് മന്ത്രി പറഞ്ഞു. സദസ്സിൽ ഇരുന്നവർ മുഴുവൻ മുദ്രാവാക്യം ഏറ്റുവിളിക്കുംവരെ മന്ത്രി സ്റ്റേജിൽ നിന്ന് 'ഭാരത് മാതാ കി ജയ്' വിളിച്ചു.

രാജ്യത്തെക്കുറിച്ച് ഓർത്ത് അഭിമാനിക്കാൻ പോലും മടിയുള്ളവരുണ്ടെന്നും അത്തരക്കാരാണ് ഭാരത് മാതാ കീ ജയ് വിളിക്കാതിരിക്കുന്നതെന്നും മന്ത്രി വിമർശിച്ചു. നെഹ്‌റു യുവകേന്ദ്രയുമായി സഹകരിച്ച് നാഷണൽ യൂത്ത് ഡേ സെലിബ്രേഷൻ കമ്മിറ്റി, ഖേലോ ഭാരത്, തപസ്യ എന്നീ സംഘടനകളാണ് പരിപാടി സംഘടിപ്പിച്ചത്. വിവേകാനന്ദ ജയന്തിയോടനുബന്ധിച്ചായിരുന്നു യൂത്ത് കോൺക്ലേവ് എന്ന പരിപാടി.

മുഖ്യമന്ത്രിയുടെ മകൾക്കെതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതമല്ലെന്നും സുതാര്യമായ അന്വേഷണമാണ് നടക്കുന്നതെന്നും സീസറിന്റെ ഭാര്യയും സംശയത്തിന് അതീതയായിരിക്കണമെന്നും പരിപാടിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ മീനാക്ഷി ലേഖി പറഞ്ഞു.

ക്രമക്കേട് നടന്നതുകൊണ്ടാണ് വീണാ വിജയനെതിരെ എസ്എഫ്‌ഐഒ അന്വേഷണം നടക്കുന്നത്. എല്ലാം നിയമാനുസരണമാണെങ്കിൽ ഭയപ്പെടേണ്ടതില്ല. പിണറായി വിജയന്റെ മകൾ എന്ന പ്രത്യേക പരിഗണന വീണക്ക് ലഭിക്കില്ലെന്നും മീനാക്ഷി ലേഖി പറഞ്ഞു. കേന്ദ്രസർക്കാരിനെതിരായ നിയമസഭ പ്രമേയത്തെയും മന്ത്രി വിമർശിച്ചു.

കേന്ദ്രസർക്കാർ അവഗണന കാണിക്കുന്നു എന്നത് വ്യാജ പ്രചാരണമാണ്. കേരളത്തിനായി ധാരാളം പദ്ധതികൾ പ്രഖ്യാപിച്ച് നടപ്പാക്കുന്നു. ഒന്നും ചെയ്യാതെ കടമെടുത്ത് മാത്രം കാര്യങ്ങൾ നടത്താൻ പറ്റില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കേന്ദ്ര അവഗണനയെന്നത് വ്യാജ പ്രചാരണം. വ്യാജ പ്രചാരണം നടത്താൻ കമ്മ്യൂണിസ്റ്റുകാർ മിടുക്കന്മാരാണെന്നും കേന്ദ്ര മന്ത്രി പരിഹസിച്ചു.

കടമെടുക്കുന്നതിന് ചട്ടങ്ങളുണ്ടെന്നും അത് പാലിക്കണമെന്നും മീനാക്ഷി ലേഖി ചൂണ്ടിക്കാണിച്ചു. കേന്ദ്രസർക്കാർ കടമെടുപ്പിൽ വിശ്വസിക്കുന്നില്ല. പ്രവാസികളുടെ പണംകൊണ്ട് മാത്രം ജീവിക്കാനാകില്ല. കേരളം ഒരു വികസന പ്രവർത്തനവും നടത്തുന്നില്ല. വ്യാവസായിക വികസനത്തിന് ഒന്നും ചെയ്യുന്നില്ല. കടമെടുത്ത് ജീവിക്കാമെന്ന് കരുതുന്നു. ഇത് ശരിയല്ല തുടങ്ങിയ ഗുരുതര ആരോപണങ്ങളും സംസ്ഥാന സർക്കാരിനെതിരെ കേന്ദ്ര മന്ത്രി മീനാക്ഷി ലേഖി ഉന്നയിച്ചു.