കോതമംഗലം: നെല്ലിമറ്റത്ത് കാറും രണ്ട് ഇരുചക്രവാഹനങ്ങളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ മൂവാറ്റുപുഴ മുളവൂർ വെള്ളത്തിനാനിക്കൽ ബേസിൽ ജോയ് (27) ആണ് മരിച്ചത്. അപകടത്തിൽ കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് സാരമായി പരിക്കേറ്റു. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്.

കൂട്ടിയിടിച്ച മൂന്ന് വാഹനങ്ങളും ദേശീയപാതാ വികസനത്തിനായി താഴ്‌ത്തിയ കാനയിലേക്ക് മറിഞ്ഞു. സ്‌കൂട്ടറിൽ യാത്ര ചെയ്തിരുന്ന പയ്യാലിൽ കരിയാട്ടുകുടി ഇന്ദു സജി (38), മകൻ സിദ്ധാർത്ഥ് (11), കാറിൽ ഉണ്ടായിരുന്ന കൊച്ചി ചാലിയാട്ട് പേളി പോൾ (27) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ദു സജിയെ പിന്നീട് ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.