കൊച്ചി: സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന കുട്ടികളിലെ കായിക പരിശീലനത്തിനും ഫുട്‌ബോൾ പ്രചാരണത്തിനും ഇന്ത്യൻ ഫുട്‌ബോൾ താരം സി. കെ. വിനീതിന്റെ നേതൃത്വത്തിലുള്ള 13 വേ ഫൗണ്ടേഷനും നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും പ്ലാൻ ഡി ട്രിപ്പ്‌സും സംയുക്തമായി സംഘടിപ്പിച്ച സോക്കർ സഫാരി എന്ന ഭാരത യാത്രയുടെ ഫ്‌ളാഗ് ഓഫ് നടൻ മമ്മൂട്ടി കൊച്ചിയിൽ വച്ച് നിർവഹിച്ചു.

ആദിവാസി മേഖലകൾ കേന്ദ്രീകരിച്ച് കായിക അക്കാദമികൾ രൂപീകരിക്കാനും അതുവഴി പ്രതിഭയാർന്ന കായികതാരങ്ങളെ വാർത്തെടുക്കാനും വേണ്ടി ഇന്ത്യ മുഴുവൻ അമ്പതിനായിരത്തിലേറെ കിലോമീറ്റർ സഞ്ചരിച്ച് ട്രൈബൽ അക്കാദമികൾ സ്ഥാപിക്കാനുള്ള സ്ഥലങ്ങൾ കണ്ടുപിടിക്കുക എന്നതാണ് സോക്കർ സഫാരി എന്ന ഭാരത യാത്രയുടെ ലക്ഷ്യം. ലോക ഫുട്‌ബോൾ രംഗത്ത് ഭാരതത്തിന്റെ യശസ്സു ഉയർത്തിക്കൊണ്ടു വരാൻ കായിക ക്ഷമതയോട് കൂടിയ നമ്മുടെ കുട്ടികൾക്ക് ഈ പരിശീലനം വളരെ ഉപകാരപ്രദമാകുമെന്നു മമ്മൂട്ടി പറഞ്ഞു.

ഇന്ത്യൻ ഫുട്‌ബോൾ കായികതാരങ്ങളായ റിനോ ആന്റോ, മുഹമ്മദ് റാഫി, അനസ് എടത്തോടിക്ക, എൻ. പി. പ്രദീപ് എന്നിവരെയും ഉൾപ്പെടുത്തി ആദിവാസി കുട്ടികളിൽ നിന്ന് ഇന്ത്യൻ ഫുട്‌ബോൾ രംഗത്തേക്ക് കായികതാരങ്ങളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംരംഭമാണ് 13 വേ ഫൗണ്ടേഷൻ. സോക്കർ സഫാരി എന്ന ഭാരത യാത്രയിൽ ട്രൈബൽ അക്കാദമി ആരംഭിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തി അതുവഴി ആദിവാസി കുട്ടികളെ കായിക ക്ഷമതയുള്ള ഫുട്‌ബോൾ താരങ്ങൾ ആക്കി മാറ്റുന്നതിനുള്ള പരിശീലനം നൽകുമെന്നും ഫ്‌ളാഗ്ഓഫിന് ശേഷംസി കെ വിനീത് പറഞ്ഞു.

ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നതിന് മമ്മൂട്ടിയും അദ്ദേഹത്തിന്റെ കെയർ ആൻഡ് ഷെയറും നൽകുന്ന പ്രചോദനം എടുത്തു പറയേണ്ട ഒന്നാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നേരത്തെ തന്നെ 'ആട്ടക്കള' എന്ന പേരിൽ ആരംഭിച്ച പദ്ധതി മമ്മൂട്ടി ഉദ്ഘാടനം ചെയ്തിരുന്നു. അതിന്റെ ബാക്കി പത്രമായാണ് സോക്കർ സഫാരി നടക്കുന്നത്.

കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഒന്നായ വഴികാട്ടി എന്ന പദ്ധതിയുടെ ഭാഗമായി ലഹരി വിരുദ്ധ ബോധവൽക്കരണമായാണ് 'ആട്ടക്കള' കെയർ ആൻഡ് ഷെയറിന്റെ ഭാഗമാകുന്നത്. മദ്യം, മയക്കുമരുന്നു പോലുള്ള ലഹരികളിൽ നിന്ന് കുട്ടികളെ മാറ്റി കായിക രംഗത്തേക്ക് പ്രതിഭയാർന്ന താരങ്ങൾ ആക്കി മാറ്റാനും അതുവഴി രാജ്യ പുരോഗതി ലക്ഷ്യമാക്കിയാണ് മമ്മൂട്ടിയുടെ നേതൃത്വത്തിൽ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും 13 വേ ഫൗണ്ടേഷനും സംയുക്തമായി ഇത്തരം പദ്ധതികൾ ആവിഷ്‌കരിക്കുന്നത്. കൊച്ചി സിറ്റി അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പൊലീസ് പി. രാജ്കുമാർ, ഓട്ടോമോട്ടിവ് ജേർണലിസ്റ്റ് ബൈജു നായർ, അലോക് തോമസ് (ഇസാഫ് ബാങ്ക് ) എന്നിവരും ചടങ്ങിൽ പങ്കാളിത്തം വഹിച്ചു.