പാലക്കാട്: അട്ടപ്പാടി ആദിവാസി ഊരുകളിൽ റോഡ് നിർമ്മാണത്തിനായി ഇരുപത് കോടിയുടെ പദ്ധതികൾക്ക് അനുമതിയായതായി വി.കെ.ശ്രീകണഠൻ എംപി. പ്രധാനമന്ത്രി ജന്മൻ പദ്ധതി പ്രകാരമാണ് അട്ടപ്പാടിക്കാരുടെ സ്വപ്നം സഫലമാകുന്നതെന്ന് അദ്ദേഹം പാലക്കാട്ട് വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ലോക്സഭയിൽ എംപി എന്ന നിലയിൽ നിരന്തരം ആവശ്യപ്പെട്ടതിന്റെ ശ്രമഫലമായാണ് പദ്ധതികൾ നടപ്പിലാകുന്നത്. ആനവായ്-കടുകുമണ്ണ റോഡിന് ഒന്നര കിലോമീറ്ററോളം ദൈർഘ്യം വരും. ചെങ്കുത്തായ റോഡിന് 2.43 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. റോഡിന് ഇടയിൽ വരുന്ന പാലത്തിനു മാത്രം അഞ്ചു കോടി രൂപ വേറെയും ചിലവഴിക്കും. ഇതിനുള്ള ഭരണാനുമതി ലഭ്യമായി കഴിഞ്ഞു. വൈകാതെ തന്നെ നിർമ്മാണ ജോലികൾ ആരംഭിക്കും.

ഇതിനുപുറമേ താഴേത്തുടുക്കി-ഗലസി, മേലേതുടുക്കി-ഗലസി റോഡുകൾക്കായി പത്തു കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. മാറിവന്ന കേന്ദ്രസർക്കാരുകൾ എല്ലാം തന്നെ അട്ടപ്പാടിയുടെ വികസനത്തിനായി പ്രത്യേക പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നതായും എംപി പറഞ്ഞു. ആദിവാസി ഊരുകളിലേക്കുള്ള യാത്രാപ്രശ്നം പരിഹരിക്കും. കുടിവെള്ള പ്രശ്നവും പരിഹരിച്ചു വരുന്നു. കേബിൾ വഴി വൈദ്യുതി എത്തിക്കാനുള്ള അന്തിമ പദ്ധതികൾ തയാറായി വരുന്നതായും എംപി വ്യക്തമാക്കി.