- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബി.എസ്സി. നഴ്സിങിന് പ്രവേശനത്തിന് പരീക്ഷ നടത്തണമെന്ന് നഴ്സിങ് കൗൺസിൽ; ഇനിയും നടപടിയെടുക്കാതെ കേരളം
തിരുവനന്തപുരം: അടുത്ത അക്കാദമിക് വർഷം മുതൽ ബി.എസ്സി. നഴ്സിങ് പ്രവേശനത്തിന് പരീക്ഷ നടത്തണമെന്നാണ് ഇന്ത്യൻ നഴ്സിങ് കൗൺസിൽ നിർദ്ദേശം. ജൂൺ 15-നകം പ്രവേശനപ്പരീക്ഷ നടത്തണമെന്നാണ് കേരളത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഓഗസ്റ്റ് ഒന്നിന് ക്ലാസ് തുടങ്ങണമെന്നും സെപ്റ്റംബർ 30-ഓടെ പ്രവേശനം പൂർത്തിയാക്കണമെന്നുമാണ് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെയും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറെയും ആരോഗ്യ സർവകലാശാലയെയും അറിയിച്ചിട്ടുള്ളത്.
എന്നാൽ കൗൺസിൽ നിർദ്ദേശം വന്നെങ്കിലും സംസ്ഥാനത്ത് പ്രവേശനപ്പരീക്ഷയ്ക്കുള്ള നടപടികളൊന്നും ഇനിയും ആരംഭിച്ചിട്ടില്ല. നിലവിൽ പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ എൽ.ബി.എസാണ് സർക്കാർ സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നത്. പ്രവേശനപ്പരീക്ഷ നടത്തുന്നതിന് ഏജൻസിയെ നിശ്ചയിക്കുന്നതടക്കമുള്ള കാര്യങ്ങളിലാണ് തീരുമാനമാകേണ്ടത്. കർണാടകം അടക്കം പല സംസ്ഥാനങ്ങളും പ്രവേശനപ്പരീക്ഷയ്ക്കുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. എൻജിനിയറിങ്, ഫാർമസി പ്രവേശനപ്പരീക്ഷയ്‌ക്കൊപ്പം(കീം) ബി.എസ്സി. നഴ്സിങ് കൂടി ഉൾപ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ട്. പ്രവേശനപ്പരീക്ഷാ കമ്മിഷണറാണ് കീം നടത്തുന്നത്.
പരീക്ഷയില്ലാതെ പ്രവേശനം നൽകുന്ന വിദ്യാർത്ഥികൾക്ക് കോഴ്സ് കഴിഞ്ഞ ശേഷം രജിസ്ട്രേഷൻ നൽകില്ലെന്ന് കഴിഞ്ഞ അക്കാദമിക് വർഷംതന്നെ കൗൺസിൽ അറിയിച്ചിരുന്നതാണ്. എന്നാൽ, പ്രവേശന നടപടികൾ വൈകിയതിനാൽ പ്രവേശനപ്പരീക്ഷയിൽനിന്ന് ഒഴിവാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെടുകയായിരുന്നു.



