കണ്ണൂർ: ചെന്നൈ-മംഗളുരു എഗ്മൂർ എക്സ്‌പ്രസിലെ (16159) തിരക്കിൽ വിദ്യാർത്ഥി തളർന്നുവീണു. ബോധരഹിതനായ വിദ്യാർത്ഥിയെ തലശ്ശേരിയിൽ ഇറക്കി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർകോട് മൊഗ്രാൽ-പൂത്തൂർ സ്വദേശി മുഹമ്മദ് റിഷാദാണ് തളർന്നുവീണത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം. പ്ലസ്ടു കഴിഞ്ഞ റിഷാദ് ഇന്റർവ്യൂവിൽ പങ്കെടുത്തശേഷം കോഴിക്കോട്ടുനിന്നാണ് കയറിയത്.

ജനറൽ കോച്ചിലെ തിരക്കിൽ തളർന്നുവീഴുകയായിരുന്നുവെന്ന് സഹയാത്രികർ പറഞ്ഞു. ആർ.പി.എഫ്. എസ്‌ഐ. കെ.വി.മനോജ്കുമാറിന്റെ നേതൃത്വത്തിൽ റിഷാദിനെ തലശ്ശേരിയിൽ ഇറക്കി മിഷൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. രാത്രി സഹോദരൻ അജ്മലെത്തി റിഷാദിനെയും കൂട്ടി നാട്ടിലേക്ക് മടങ്ങി.