തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ്-പുതുവത്സര വിരുന്നിന്റെ പണം ധനവകുപ്പ് അനുവദിച്ചു. വിരുന്നിൽ പൗരപ്രമുഖരുടെ ഭക്ഷണത്തിന് മാത്രം 16.08 ലക്ഷം രൂപയാണ് ചെലവായത്. കഴിഞ്ഞ വർഷത്തേക്കാൾ ഏഴു ലക്ഷം രൂപ കൂടുതലാണിത്. ഏത് സാഹചര്യത്തിലാണ് തുക കൂടിയതെന്ന് വ്യക്തമല്ല. കൂടുതൽ വിഭവങ്ങൾ ഇത്തവണ ഉണ്ടായിരുന്നുവെന്നാണ് സൂചന.

ക്രിസ്മസ് കേക്ക് നൽകിയതിന് 1.2 ലക്ഷം രൂപ ചെലവായി. മസ്‌കറ്റ് ഹോട്ടലിലാണ് മുഖ്യമന്ത്രി പൗരപ്രമുഖർക്ക് വിരുന്ന് നൽകിയത്. കഴിഞ്ഞ വർഷം മുഖ്യമന്ത്രിയുടെ ക്രിസ്മസ്-പുതുവത്സര വിരുന്നിന് ഒമ്പതു ലക്ഷം രൂപയാണ് ചെലവായിരുന്നത്. വിരുന്നിന് ശേഷം തിരികെ പോകുന്ന പൗരപ്രമുഖർക്ക് സമ്മാനമായി നൽകിയ ക്രിസ്മസ് കേക്കിനാണ് ഒരു ലക്ഷത്തി ഇരുതിനായിരം രൂപ ചെലവായത്. വിരുന്നിന് ക്ഷണക്കത്ത് അച്ചടിച്ചതിന് സ്ഥാപനത്തിന് 10,725 രൂപയും അനുവദിച്ചിട്ടുണ്ട്.