- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ തുടക്കമാകുന്ന കോൺഗ്രസിന്റെ മഹാജനസഭ ഇന്നു തൃശൂരിൽ; ഒരു ലക്ഷത്തിലധികം പ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുക്കുമെന്നു നേതാക്കൾ
തൃശൂർ: സംസ്ഥാനത്ത് തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ തുടക്കമാകുന്ന കോൺഗ്രസിന്റെ മഹാജനസഭ ഇന്നു തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടത്തും. ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന പരിപാടിയിൽ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുക്കും. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി അധ്യക്ഷത വഹിക്കും. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി, കോൺഗ്രസ് പ്രവർത്തകസമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ഡോ. ശശി തരൂർ എംപി, കൊടിക്കുന്നിൽ സുരേഷ് എംപി, കെപിസിസി പ്രചാരണസമിതി ചെയർമാൻ കെ. മുരളീധരൻ എംപി തുടങ്ങി കോൺഗ്രസിന്റെ മുൻനിര നേതാക്കൾ സമ്മേളനത്തിനെത്തും.
സംസ്ഥാനത്ത് കോൺഗ്രസിന്റെ ആദ്യഘട്ട പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങൾക്കു വേദിയാകുന്നു എന്നനിലയിൽ സമ്മേളനം ഏറെ ശ്രദ്ധ നേടും. ഒരു ലക്ഷത്തിലധികം പ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുക്കുമെന്നു നേതാക്കൾ അറിയിച്ചു. സംസ്ഥാനത്തെ 25,177 ബൂത്തുകളിൽനിന്ന് ബൂത്ത് പ്രസിഡന്റ്, വനിതാ വൈസ് പ്രസിഡന്റ്, ബൂത്ത് ലെവൽ ഏജന്റുമാർ എന്നിങ്ങനെ മൂന്നുപേർ അടങ്ങുന്ന 75,000ത്തിൽപ്പരം പ്രവർത്തകരും മണ്ഡലം മുതൽ എഐസിസി തലംവരെയുള്ള കേരളത്തിൽനിന്നുള്ള ഭാരവാഹികളും ഉൾപ്പെടെയുള്ളവരാണ് പങ്കെടുക്കാനെത്തുക.
ബൂത്ത് വൈസ് പ്രസിഡന്റുമാരായ എല്ലാ വനിതകളെയും പങ്കെടുപ്പിക്കുന്നുവെന്നതും സമ്മേളനത്തിന്റെ പ്രത്യേകതയാണ്. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹഭരണത്തിനെതിരായ പോർമുഖം പാർട്ടിയുടെ താഴേത്തട്ടിൽ ശക്തമാക്കുക എന്നതാണ് മഹാജനസഭയുടെ ലക്ഷ്യം.



