തിരുവനന്തപുരം: കേരള സർക്കാരിന്റെ കേന്ദ്രവിരുദ്ധ സമരത്തിന് കോൺഗ്രസിന് ക്ഷണം. കോൺഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയെ മുഖ്യമന്ത്രി പിണറായി വിജയൻ സമരത്തിലേക്ക് ക്ഷണിച്ചു. ഈ മാസം എട്ടിനാണ് ഡൽഹിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും കേന്ദ്രസർക്കാരിനെതിരെ ഡൽഹിയിൽ സമരം നടത്തുന്നത്. അതിനിടെ സമരത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ പങ്കെടുക്കില്ല.

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ എന്നീ ബിജെപി ഇതര മുഖ്യമന്ത്രിമാരെയും സമരത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിനെതിരായ കേരളത്തിൽറെ ഡൽഹി സമരത്തിൽ പങ്കെടുക്കാനുള്ള ക്ഷണം ഡിഎംകെ സ്വീകരിച്ചിട്ടുണ്ട്. തിരുച്ചി ശിവ എംപി ഡിഎംകെയെ പ്രതിനിധീകരിക്കുമെന്ന് പാർലമെന്ററി പാർട്ടി നേതാവ് ടി ആർ ബാലു അറിയിച്ചു.

കേന്ദ്ര ബജറ്റിലെ അവഗണനക്കെതിരെ പാർലമെന്റിൽ ഡിഎംകെ എംപിമാർ എട്ടിന് കറുപ്പണിഞ്ഞ് പ്രതിഷേധിക്കും. ഡിഎംകെയ്ക്ക് പുറമേ തമിഴ്‌നാട്ടിലെ സഖ്യകക്ഷികളും സമരത്തിൽ അണിചേരും. പാർലമെന്റ് സമുച്ചയത്തിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് സമീപമാണ് പ്രതിഷേധം നടത്തുകയെന്ന് ടി ആർ ബാലു പറഞ്ഞു.