തൃശൂർ: അയോധ്യയുമായി ബന്ധപ്പെട്ട് എല്ലാവരും വെള്ളത്തിന് തീ പിടിപ്പിക്കാൻ ശ്രമിക്കുമ്പോൾ ആ തീ അണയ്ക്കാനാണ് സാദിഖലി തങ്ങൾ സംസാരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിദ്വേഷത്തിന്റെ കാമ്പയിനാണ് എതിരാളികളുടെ ലക്ഷ്യം. ഭിന്നിപ്പുണ്ടാക്കി മുതലെടുപ്പ് നടത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഇരുവശങ്ങളിലുമുള്ള തീവ്രവാദ സ്വഭാവമുള്ള ആളുകളിലേക്ക് വിഷയം എത്തിക്കാതിരിക്കാനുള്ള ശ്രമമാണ് ഞങ്ങൾ നടത്തുന്നത്. വെള്ളത്തിന് തീ പിടിപ്പിക്കാൻ തീവ്രവാദ സ്വഭാവമുള്ള ആളുകൾ ശ്രമിക്കുന്ന കാലത്ത് സമാധാനത്തിന് വേണ്ടി സംസാരിക്കുന്നത് തന്നെ വലിയ കാര്യമാണ്.

മൂന്ന് സീറ്റ് വേണമെന്നത് ലീഗിന് അർഹതപ്പെട്ട ആവശ്യമാണ്. അവരുടെ അർഹതയെ കോൺഗ്രസ് ഒരു കാരണവശാലും ചോദ്യം ചെയ്യില്ല. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പ്രായോഗികമായി എന്ത് ചെയ്യാനാകുമെന്ന് ആലോചിക്കേണ്ടതുണ്ട്. കോൺഗ്രസിനൊപ്പം ആത്മാർത്ഥമായി നിൽക്കുന്ന ഘടകകക്ഷിയാണ് ലീഗ്. യു.ഡി.എഫിന്റെ നട്ടെല്ലായി നിൽക്കുന്ന ലീഗുമായി ആലോചിച്ചാണ് എല്ലാം ചെയ്യുന്നത്. അവരുമായുള്ള സഹോദര ബന്ധത്തിന് ഒരു പോറൽ പോലും ഏൽക്കില്ല.

അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി പതിറ്റാണ്ടുകളായി തുടരുന്ന നടപടിക്രമങ്ങളിലൂടെയാണ് സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത്. ആദ്യം പ്രദേശ് തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു. പിന്നീട് അതിന്റെ യോഗം ചേർന്ന് വിശദമായ ചർച്ചകൾ നടത്തി അടുത്ത നടപടിക്രമത്തിലേക്ക് കടക്കും. അതിനു ശേഷം ലഭിക്കുന്ന നിർദ്ദേശങ്ങൾ സ്‌ക്രീനിങ് കമ്മിറ്റിക്ക് സമർപ്പിക്കും. സ്‌ക്രീനിങ് കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ സെൻട്രൽ ഇലക്ഷൻ കമ്മിറ്റിക്ക് സമർപ്പിക്കും. ഈ പ്രക്രിയ സുഗമമായി നടക്കും. യു.ഡി.എഫിലെ സീറ്റ് വിഭജനം പൂർത്തിയാക്കിയ ശേഷമെ ഈ ഘട്ടത്തിലേക്ക് കടക്കൂ.

കേരളത്തിലെ മുതിർന്ന സാഹിത്യകാരന്മാർ സാഹിത്യ അക്കാദമിക്കെതിരെ ഉന്നയിച്ചിരിക്കുന്ന പരാതി സർക്കാർ ഗൗരവത്തോടെ കാണണം. ഞങ്ങൾ എല്ലാവരും ബഹുമാനിക്കുന്ന സച്ചിദാനന്ദനാണ് അക്കാദമിയുടെ തലപ്പത്ത് ഇരിക്കുന്നത്. അദ്ദേഹമല്ല പ്രശ്നം. അക്കാദമിയെ സിപിഎം രാഷ്ട്രീയവത്ക്കരിച്ച് പാർട്ടി ഓഫീസ് പോലെ കൈകാര്യം ചെയ്യാൻ ശ്രമിച്ചു. സച്ചിദാനന്ദനെ ആലങ്കാരിക സ്ഥാനത്ത് ഇരുത്തി വേറെ ചില ആളുകൾ അക്കാദമിയെ രാഷ്ട്രീയവത്ക്കരിക്കാൻ ശ്രമിക്കുകയാണ്. ആ രാഷ്ട്രീയവത്ക്കരണത്തിന്റെ അനന്തരഫലമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന വിഷയം. ഇത് സർക്കാർ തന്നെ പരിഹരിക്കണം. സാഹിത്യ അക്കാദമി പോലുള്ള സ്ഥാപനങ്ങളെ സ്വതന്ത്രമായി വിടണം. സർക്കാരും സിപിഎമ്മും എല്ലായിടത്തും കൈകടത്തുന്ന ഡീപ്പ് സ്റ്റേറ്റായി മാറിയിരിക്കുകയാണ്-സതീശൻ പറഞ്ഞു