കോഴിക്കോട്: കാരശ്ശേരിയിൽ വിവാഹ ആഘോഷം അതിരുവിട്ടതോടെ അപകടം. വരന്റെ സുഹൃത്തുക്കൾ പടക്കം പൊട്ടിച്ചതിനെ തുടർന്ന് സമീപത്തെ വീടിന്റെ ഷെഡിന് തീപിടിച്ചു. നിർമ്മാണത്തിൽ ഇരിക്കുന്ന വീടിന്റെ ഷെഡിനാണ് തീ പടർന്ന് പിടിച്ചത്. പാരമ്മേൽ ബാബു എന്നയാളുടെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. കോഴിക്കോട് കാരശ്ശേരി കലരികണ്ടിയിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം.

ഇവരുടെ വീടിന്റെ 400 മീറ്റർ അകലെയായിരുന്നു വിവാഹവീട്. വരനേയും വധുവിനെയും വീട്ടിലേക്ക് ആനയിക്കുന്ന ചടങ്ങിനിടെ വരന്റെ സുഹൃത്തുക്കൾ പൊട്ടിച്ച പടക്കമാണ് ഷെഡിൽ വീണ് തീപിടുത്തമുണ്ടാക്കിയത്. കർഷകനായ ബാബുവിന്റെ വീട്ടിൽ സൂക്ഷിച്ച പണിയായുധങ്ങളും, പുതിയ വീടിന്റെ പണിക്കുള്ള സാധനങ്ങളും കത്തി നശിച്ചു. ഒരു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് വിവരം. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.