കോട്ടയം: കോട്ടയത്ത് ഇന്നലെയുണ്ടായ വാഹനാപകടത്തിൽ പൊലിഞ്ഞത് ബൈക്കിൽ സഞ്ചരിച്ച രണ്ട് സ്‌കൂൾ വിദ്യാർത്ഥികൾ. പാക്കിൽ ധർമശാസ്താ ക്ഷേത്രത്തിനു സമീപം പള്ളം പവർ ഹൗസ് ജംക്ഷനിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് മിനി ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. പള്ളം മറ്റത്തിൽ ജോയലിന്റെയും ജിമയുടെയും മകൻ ജോഷ്വ ജോയൽ (16), മറിയപ്പള്ളി കൊച്ചുവടക്കത്ത് തോമസ് സെബാസ്റ്റ്യന്റെയും ഷൈനി തോമസിന്റെയും മകൻ അബിഗേൽ തോമസ് (17) എന്നിവരാണ് മരിച്ചത്.

ഇന്നലെ വൈകിട്ട് നാലിനായിരുന്നു അപകടം. ജോഷ്വ സംഭവ സ്ഥലത്തു തന്നെ മരിച്ചു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പാക്കിൽ ഭാഗത്തു നിന്നും ബൈക്കിൽ ചിങ്ങവനത്തേക്കു പോകുകയായിരുന്നു വിദ്യാർത്ഥികൾ. പാക്കിൽ കവലയിലേക്കു പോകുകയായിരുന്ന മിനി ട്രക്കിൽ ഇവർ സഞ്ചരിച്ച ബൈക്ക് ഇടിക്കുക ആയിരുന്നു. സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്തു. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വൈഹനം ഓടിക്കാൻ കൊടുത്തതാണ് ദുരന്തം വരുത്തിവെച്ചത്.

ജോഷ്വ ജോയലിന്റെ മൃതദേഹം ഇന്ന് ഒരു മണിയോടെ ചെട്ടിക്കുന്നിലുള്ള പുന്നക്കേഴത്ത് വസതിയിൽ കൊണ്ടുവരും. 4.30നു വസതിയിൽ ശുശ്രൂഷകൾക്കു ശേഷം പാക്കിൽ സെന്റ് തെരേസാസ് ദേവാലയത്തിൽ സംസ്‌കാരം. എംഡി സെമിനാരി സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ജോഷ്വ. പിതാവ് ജോയൽ ദുബായിൽ ഉദ്യോഗസ്ഥനാണ്.

മറിയപ്പള്ളി ഗവ.ഹൈസ്‌കൂൾ വിദ്യാർത്ഥിയായിരുന്നു അബിഗേൽ. അബിഗേലാണ് ബൈക്ക് ഓടിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു. സംസ്‌കാരം പിന്നീട്. പിതാവ് തോമസ് സെബാസ്റ്റ്യൻ ഡൽഹിയിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്.