തിരുവനന്തപുരം: കേരള സർക്കാർ ബജറ്റിൽ വിദ്യാദ്യാസ മേഖലയെ അവഗണിച്ചുവെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദ്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ കേവലം പൊള്ളായായ പ്രഖ്യാപനങ്ങൾ മാത്രമായിരുന്നു ബജറ്റിൽ ഉൾപെടുത്തിയത്. കോൺക്ലേവ് നടത്തും എന്നതും NEP യുടെ അടിസ്ഥാനത്തിൽ ഉള്ള ചില പരിഷ്‌കാരങ്ങളും സ്വകാര്യസർവകലാശാല-വിദേശ സർവകലാശാല തുടങ്ങിയ സ്ഥിരം കാര്യങ്ങൾ പറഞ്ഞുപോയതല്ലാതെ ബജറ്റിൽ ഉന്നതവിദ്യാഭ്യാസത്തിന് വേണ്ടി കാതലായ പ്രഖ്യാപനങ്ങൾ ഒന്നുമില്ല.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ തവണ 816 കോടി അനുവദിച്ച സ്ഥാനത്ത് ഇന്ന് 456 കോടിയും ഡിജിറ്റൽ സർവ്വകലാശാലയുമായി ബന്ധപ്പെട്ട ചില പ്രഖ്യാപനങ്ങളും മാത്രമാണ് നടത്തിയത്. 2023-24 സാമ്പത്തികവർഷത്തിൽ പൊതുവിദ്യാഭ്യാസത്തിന് ആകെ 1773 കോടിയോളം അനുവദിച്ച സ്ഥാനത്ത് ഇന്ന് കേവലം 1032 കോടിയോളം രൂപയാണ് അനുവദിച്ചത് . കൂടാതെ 2016 ന് ശേഷം ഉച്ചകഞ്ഞിക്ക് വേണ്ടിയുള്ള പൈസ കൂട്ടിയിട്ടില്ല. 2016 ൽ ഒരു വിദ്യാർത്ഥിക്ക് കണക്കാക്കുന്ന തുക തന്നെയാണ് ഇപ്പോഴും നൽകുന്നത്.

കഴിഞ്ഞ സാമ്പത്തിക വർഷം സ്‌കൂൾ ഹെഡ്‌മാസ്റ്റർമാർ കടം മേടിച്ച് കഞ്ഞി കൊടുക്കേണ്ട സാഹചര്യം ഉണ്ടായപ്പോൾ കോടതി ഇടപെട്ടപ്പോഴാണ് പണം അനുവദിച്ച് നൽകാൻ സർക്കാർ തുടങ്ങിയത്. അതേ പോലെ തന്നെ LSS, USS , Egrantz , അയ്യങ്കാളി സ്‌കോളർഷിപ് തുടങ്ങിയ സഹായങ്ങൾ മുടങ്ങിയ സാഹചര്യമാണ് നിലവിലുള്ളത്. ഇത് മൂലം SC/ST വിദ്യാർത്ഥികൾ വരെ പഠനം നിർത്തുന്ന സാഹചര്യമാണ് കേരളത്തിൽ സംജാതമായുള്ളത്. ഉന്നത വിദ്യാഭ്യാസ മന്ത്രി കണ്ണട വാങ്ങിയത് മുതൽ മന്ത്രിമാരുടെ ധൂർത്തിന് പൈസ ചെലവാക്കുന്ന സർക്കാർ വേണ്ട രീതിൽ വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പ് വിതരണത്തിൽ ഉത്തരവാദിത്തം കാണിക്കുന്നില്ല.

ഗോത്രസാരഥി - വിദ്യാവാഹിനി പോലുള്ള പദ്ധതികൾ സാമ്പത്തിക ഞെരുക്കം മൂലം മുടങ്ങുന്ന അവസ്ഥയാണ്. കോടതി ഫീസും പരീക്ഷാ ഫീസും കൂട്ടുന്ന സർക്കാർ ഉച്ചകഞ്ഞി ചെലവ് മുതൽ സ്‌കോളർഷിപ് തുക പോലും വർദ്ധിപ്പിക്കാൻ സർക്കാർ തയ്യാറാവത്തതും Egrantz തുക സമയ ബന്ധികമായി വിതരണം ചെയ്യാത്തതും പ്രതിഷേധാർഹമാണ്. സർക്കാർ ബജറ്റിൽ കേരളത്തിലെ മുഴുവൻ വിദ്യാർത്ഥി സമൂഹത്തോട് നീതികേടും അവഗണനയും കാണിച്ചു എന്ന് അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.