കൊച്ചി: മുൻവൈരാഗ്യത്തിന്റെ പേരിൽ പിതൃസഹോദര പുത്രനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. വടക്കേക്കര കൂട്ടുകാട് ഭാഗത്താണ് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരങ്ങളായ രണ്ട് പേർ അറസ്റ്റിലായത്. ചേന്ദമംഗലം സ്വദേശികളായ അനന്തകൃഷ്ണൻ, അജയ് കൃഷ്ണൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ പിതൃസഹോദര പുത്രനായ ഹരീഷിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്.

ഈ കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ഹരീഷിന്റെ വിവാഹം. അന്നേ ദിവസം പ്രതികൾ കല്യാണ ഹാളിൽ ബഹളം വച്ചതിനെ തുടർന്ന് പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞിരുന്നു. ഇതേ തുടർന്നുണ്ടായ വിരോധമാണ് വധശ്രമത്തിൽ കലാശിച്ചത്.

ഫെബ്രുവരി നാലിനാണ് കേസിന് ആസ്പദമായ സംഭവം. കൂട്ടുകാട് പള്ളിക്ക് സമീപം കല്യാണ വീട്ടിൽ നിന്നും വിളിച്ചിറക്കി ആക്രമിക്കുകയായിരുന്നു. പ്രത്യേകമായി നിർമ്മിച്ച ഇരുമ്പുവള കൊണ്ട് മുഖത്തും തലയിലും ഇടിച്ചാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.