കൊച്ചി: അന്തർ സംസ്ഥാന മോഷ്ടാവിനെ തമിഴ്‌നാട്ടിൽ നിന്നും കൊച്ചി പൊലീസ് പിടികൂടി. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ കറങ്ങി നടന്ന് മോഷണം നത്തുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായത്. തമിഴ്‌നാട് സ്വദേശി വിനായക് എന്നയാളെയാണു തമിഴ്‌നാട്ടിലെ അമ്പൂരിയിൽ നിന്ന് കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. വിമാനത്തിൽ വന്നു മോഷണം നടത്തി തിരിച്ചു പോകുന്ന സംഘത്തിലെ പ്രധാനിയാണ ഇയാൾ.

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കറങ്ങി നടന്ന് ലാപ്‌ടോപ്പുകളും ബൈക്കുകളും മോഷ്ടിക്കുകയും, കെഎസ്ഇബി, വാട്ടർ അഥോറിറ്റി ജീവനക്കാരനാണെന്ന് പറഞ്ഞ് വീട്ടുകാരുടെ ശ്രദ്ധമാറ്റിയ ശേഷം മോഷണം നടത്തുകയും ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്നു പൊലീസ് പറഞ്ഞു.

തമിഴ്‌നാട്ടിൽ നിന്നുള്ള പ്രതികളായ വൻസംഘത്തെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ മോഷണം നടത്തുന്ന സംഘത്തിലെ ഒരാൾ മാത്രമാണ് അറസ്റ്റിലായ വിനായക്. വിമാനത്തിൽ എത്തിയ ശേഷം ബൈക്ക് മോഷണം ആണ് ആദ്യം നടത്തുക. മോഷണം നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലത്തിനു കുറച്ചകലെ നിന്നും ബൈക്ക് കവർന്ന ശേഷം അതിൽ കറങ്ങിനടന്ന് വീടുകളും സ്ഥാപനങ്ങളും കണ്ടു വച്ച ശേഷമാണ് പദ്ധതിയിടുക.

എറണാകുളത്തുനിന്ന് 9 ലാപ്‌ടോപ്പുകളും 2 ബൈക്കുകളും മോഷ്ടിച്ചതായി ഇയാൾ ചോദ്യംചെയ്യലിൽ സമ്മതിച്ചു. പാലാരിവട്ടത്ത് രണ്ടു വീടുകളിൽ കയറി മോഷണം നടത്തിയ കാര്യവും പ്രതി പൊലീസിനോട് പറഞ്ഞു.