പാലക്കാട്: മസ്‌കുലർ ഡിസ്‌ട്രോഫിയും അപകടത്തിലേറ്റ പരുക്കും മൂലം വീൽചെയറിൽ നിസ്സഹായനായി ഇരുന്ന സാക്ഷിയെ കേൾക്കാൻ നീതിപീഠം താഴേക്കിറങ്ങി വന്നു. പാലക്കാട് കോടതി കോംപ്ലക്‌സിലാണ് സംഭവം. വീൽചെയറിലായ സാക്ഷിയെ കേൾക്കാനായി ഒന്നാം നിലയിലെ ഓഫിസ് മുറിയിൽ നിന്നും ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് (സിജെഎം) കോടതിയുടെ താഴത്തെ നിലയിലേക്കു വന്നു.

പേഴുങ്കരയിലെ പി.എസ്.മുഹമ്മദ് റഫീഖ് (51) ആണ് വീൽചെയറിൽ കോടതിവളപ്പിലെത്തിയത്. 2015ൽ വലിയങ്ങാടി മത്സ്യമാർക്കറ്റിലുണ്ടായ വാഹനാപകടത്തിൽ സാക്ഷി പറയാനായിരുന്നു മുഹമ്മദ് റഫീഖിന്റെ വരവ്. ടിപ്പർ ലോറി നിയന്ത്രണംവിട്ടുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു, മുഹമ്മദ് റഫീഖ് അടക്കം അഞ്ചു പേർക്കു പരുക്കേറ്റു. അപകടത്തിൽ മസ്‌കുലർ ഡിസ്‌ട്രോഫി രോഗമുണ്ടായിരുന്ന റഫീഖിന്റെ മുട്ടിന് ഗുരുതരപരുക്കേറ്റു. ചികിത്സയ്ക്കിടയിൽ രോഗം കൂടിയതോടെ വീൽചെയറിലാണു ജീവിതം.

ഭാര്യയുടെയും മകന്റെയും സഹായത്തോടെയാണ് ഇന്നലെ കോടതിയിലെത്തിയത്. വിചാരണയ്ക്കു പലപ്പോഴായി സമൻസ് കിട്ടിയെങ്കിലും ബുദ്ധിമുട്ട് കോടതിയെ അറിയിച്ചു. എന്നാൽ, ഹാജരായില്ലെങ്കിൽ വാറന്റാകുമെന്ന് അറിഞ്ഞാണ് ഇന്നലെ എത്തിയത്. ഉച്ചയ്ക്ക് ഒന്നരയായിട്ടും കേസ് വിളിക്കാതായതോടെ വിവരം അഭിഭാഷകനെ അറിയിച്ചു മടങ്ങാൻ ഒരുങ്ങുമ്പോഴാണു സാക്ഷി വിഷമിക്കുന്ന വിവരം ഡപ്യൂട്ടി ഡയറക്ടർ ഒാഫ് പബ്ലിക് പ്രോസിക്യൂഷൻ (ഡിഡിപി) പി.പ്രേംനാഥ് കോടതിയുടെ ശ്രദ്ധയിൽപെടുത്തിയത്. മറ്റ് അഭിഭാഷകരും ഇടപെട്ടു. ലിഫ്റ്റില്ലാത്തതിനാൽ എടുത്തു മുകളിലെത്തിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

ഇതോടെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് വി.ശ്രീജ താഴെയുള്ള മൂന്നാം നമ്പർ കോടതി മുറിയിലെത്തി വിസ്താരം നടത്തി. പ്രതിഭാഗം അഭിഭാഷകൻ സത്യപ്രകാശും കാര്യങ്ങളിൽ സഹായിച്ചു. ക്രിമിനൽ കേസിൽ വിസ്താരം നടക്കാതെ സാക്ഷി മടങ്ങിയാൽ തുടർനടപടിക്കു മജിസ്‌ട്രേട്ടിനെ കമ്മിഷനായി നിയമിക്കുമെങ്കിലും അതിനു സമയമെടുക്കും. കാത്തിരിപ്പിനിടെ, റഫീഖ് ശുചിമുറിയിൽ പോകാൻ ശ്രമിച്ചെങ്കിലും അതിനു സംവിധാനമില്ലായിരുന്നു.