കൊല്ലം: വിവാഹ വാഗ്ദാനം നൽകി കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ. പടിഞ്ഞാറെ കല്ലട കോയിക്കൽഭാഗം സ്വദേശി വിശാഖ് കല്ലട (27)യെ ആണ്് പൊലീസ് അറസ്്റ്റ് ചെയ്തത്. പട്ടിക ജാതിയിൽപ്പെട്ട പെൺകുട്ടിയെ ഇയാൾ പ്രണയം നടിച്ച വശത്താക്കുകയും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും പെൺകുട്ടിയിൽ നിന്നും പണം തട്ടിയെടുക്കുകയും ചെയ്തു. അറസ്റ്റിലായ വിശാഖ് ഡിവൈഎഫ്ഐ. പടിഞ്ഞാറെ കല്ലട മേഖലാ കമ്മിറ്റി അംഗവും കടപുഴ യൂണിറ്റ് സെക്രട്ടറിയും സിപിഎം. കോയിക്കൽഭാഗം ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്.

പാർട്ടി പ്രവർത്തകനായ വിശാഖ് പ്രണയച്ചതിയിൽ പെൺകുട്ടിയെ കുരുക്കുക ആയിരുന്നു. ഒന്നരവർഷമായി ഇരുവരും അടുപ്പത്തിലാണ്. ഈ അടുപ്പം മുതലാക്കി
പലതവണയായി പെൺകുട്ടിയുടെ വീട്ടുകാരിൽനിന്ന് ഒൻപതുലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി. കൂടാതെ സ്വർണം കൈക്കലാക്കിയതായും പെൺകുട്ടി പൊലീസിന് മൊഴിനൽകി. വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയുടെ വിശ്വാസം നേടിയ ശേഷമാണ് പീഡനം നടത്തിയത്. കോളേജിൽ നടന്ന ഒരു പരിപാടിയിൽ വച്ചാണ് ഇരുവരും പരിചയപ്പെട്ടത്.

ശൂരനാട് സ്വദേശിനിയാണ് പീഡനത്തിനിരയായ പെൺകുട്ടി. സ്വർണവും പണവും കൈക്കലാക്കിയതോടെ യുവാവ് വിവാഹത്തിൽനിന്ന് പിന്മാറുന്നതായി കുട്ടിക്ക് ബോധ്യപ്പെട്ടു. അതോടെ താൻ പീഡീപ്പിക്കപ്പെട്ട വിവരം പെൺകുട്ടി രക്ഷിതാക്കളോടു പറഞ്ഞു. കഴിഞ്ഞദിവസം പെൺകുട്ടി ബന്ധുക്കളോടൊപ്പം എത്തി ശാസ്താംകോട്ട പൊലീസിൽ പരാതിനൽകി. തുടർന്ന് മൊഴിരേഖപ്പെടുത്തി പട്ടികജാതി പീഡന നിരോധന നിയമം, വഞ്ചനാകുറ്റം തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തു.

തുടർന്ന് പൊലീസ് വിശാഖിനെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ വിശാഖിനെ റിമാൻഡ് ചെയ്തു. അമ്മയുടെ ബാങ്ക് അക്കൗണ്ട് വഴി ഗൂഗിൾപേയിലൂടെയാണ് യുവാവിന് പണം കൈമാറിയതെന്ന് പൊലീസ് കണ്ടെത്തി.