കൊച്ചി: ആശുപത്രി ചെലവ് നൽകാൻ പണമില്ലാത്തതിനാൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ജീവിത പങ്കാളിയുടെ മൃതദേഹം വിട്ടുകിട്ടാൻ യുവാവ് ഹൈക്കോടതിയിൽ. ആശുപത്രി ചെലവായ 1.30 ലക്ഷം രൂപ കണ്ടെത്താനാകുന്നില്ലെന്ന് കാണിച്ച് കോട്ടയം മുണ്ടക്കയം സ്വദേശിയായ യുവാവാണ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്. ഫ്ളാറ്റിൽനിന്നു വീണുണ്ടായ അപകടത്തിൽ മരിച്ച ജീവിതപങ്കാളിയുടെ മൃതദേഹം ആശുപത്രിയിൽ നിന്ന് വിട്ടുകിട്ടുന്നതിനായാണ് യുവാവിന്റെ പോരാട്ടം.

എൽ.ജി.ബി.ടി.ക്യു.ഐ.എ. കമ്മ്യൂണിറ്റിയിൽ ഉൾപ്പെട്ട യുവാവാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കൂലിപ്പണിക്കാരനായ തനിക്ക് ഇത്രയും പണം കണ്ടെത്താനാവില്ലെന്ന് യുവാവ് പറയുന്നു. ഹർജി പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സർക്കാരിന്റെയടക്കം വിശദീകരണം തേടി. ചൊവ്വാഴ്ച വിഷയം വീണ്ടും പരിഗണിക്കും. യുവാവും പങ്കാളിയും ആറു വർഷമായി ലിവ് ഇൻ റിലേഷൻഷിപ്പിൽ ആയിരുന്നു.

ഫെബ്രുവരി മൂന്നിന് പുലർച്ചെ ഫ്ളാറ്റിൽനിന്ന് താഴെ വീണുണ്ടായ അപകടത്തിൽ സാരമായി പരിക്കേറ്റെ ഇദ്ദേഹത്തിന്റെ പങ്കാളി നാലാം തീയതി മരിച്ചെന്നാണ് ഹർജിയിൽ പറയുന്നത്. അപകടത്തെ തുടർന്ന് ആദ്യം കളമശ്ശേരി മെഡിക്കൽ കോളേജിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം.

പൊലീസ് വഴി വിവരമറിയിച്ചതനുസരിച്ച് ബന്ധുക്കൾ എത്തിയെങ്കിലും ആശുപത്രി ഫീസ് അടച്ചാലെ മൃതദേഹം ഏറ്റെടുക്കൂ എന്നായിരുന്നു അവരുടെ നിലപാട് എന്നും ഹർജിയിൽ പറയുന്നു. തങ്ങളുടെ ബന്ധത്തെ ബന്ധുക്കൾ അനുകൂലിച്ചിരുന്നില്ല.

കൂലിവേലക്കാരനായ തനിക്ക് ഇത്രയും തുക കണ്ടെത്താനാകില്ലെന്നും 30,000 രൂപ അടയ്ക്കാൻ തയ്യാറാണെന്നും അതിന്റെ അടിസ്ഥാനത്തിൽ മൃതദേഹം വിട്ടുനൽകണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. മൃതദേഹം വിട്ടുനൽകാൻ ജില്ലാ കളക്ടറോട് നിർദേശിക്കണം എന്നാണ് ആവശ്യം.