തിരുവനന്തപുരം: കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജി( എൻഐഐഎസ്ടി) വികസിപ്പിച്ച ബീറ്റാ ഗ്ലൂക്കോസിഡേസ് എൻസൈം ഉൽപാദന പ്രക്രിയയുടെ സാങ്കേതിക വിദ്യ വാണിജ്യാവശ്യങ്ങൾക്ക് ലഭ്യമാക്കാൻ ധാരണ. തിരുവനന്തപുരത്തെ എൻഐഐഎസ്ടി വികസിപ്പിച്ച ബീറ്റാ ഗ്ലൂക്കോസിഡേസ് എൻസൈമിന്റെ ഉത്പാദന പ്രക്രിയയുടെ കൈമാറ്റം സംബന്ധിച്ച് നാഗ്പൂരിലെ സാർത്തക് മെറ്റൽസ് ലിമിറ്റഡുമായുള്ള കരാറിൽ സിഎസ്‌ഐആർ ഒപ്പിട്ടു.

ഖരാവസ്ഥയിലുള്ള ഫെർമന്റേഷൻ പ്രക്രിയയിലൂടെ ബീറ്റാ ഗ്ലൂക്കോസിഡേസ് എൻസൈം ഉത്പാദിപ്പിക്കാൻ സിഎസ്‌ഐആർ വികസിപ്പിച്ച സാങ്കേതിക വിദ്യയാണ് സാർത്തക് മെറ്റൽസ് ലിമിറ്റഡിന് കൈമാറിയത്. വൈയ്‌ക്കോൽ പോലുള്ള സസ്യജന്യ അസംസ്‌കൃത വസ്തുക്കളിൽ നിന്ന് ഗ്ലൂക്കോസ് ഉത്പാദിപ്പിക്കുന്നതിനും ഇതിലൂടെ ഇന്ധനമായ എത്തനോൾ നിർമ്മിക്കാനും ഉപയോഗിക്കുന്ന സെല്ലുലോസ് എൻസൈമുകളിലൊന്നാണ് ബീറ്റാ ഗ്ലൂക്കോസിഡേസ്. നിരവധി 2ജി എത്തനോൾ പദ്ധതികൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയ പശ്ചാത്തലത്തിൽ കൂടുതൽ സുസ്ഥിരമായ സെല്ലുലോസ് ഉത്പാദനത്തിന്റെ ആവശ്യകത വർധിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ വാണിജ്യ ഉപയോഗത്തിനുള്ള ഈ സാങ്കേതികവിദ്യയുടെ കൈമാറ്റം പ്രാധാന്യമർഹിക്കുന്നെന്ന് എൻഐഐഎസ്ടി ഡയക്ടർ ഡോ.സി.അനന്തരാമകൃഷ്ണൻ പറഞ്ഞു.

ജൈവ ഇന്ധന നിർമ്മാണശാലകളിലെ ഉപയോഗത്തിന് പുറമെ ടെക്‌സ്‌റൈൽ, ഡിറ്റർജന്റ്, പേപ്പർ മുതലായ നിരവധി വ്യവസായങ്ങളിലും സെല്ലുലോസുകൾ അത്യാവശ്യ ഘടകമാണ്. ജൈവ അവശിഷ്ടങ്ങളിൽ നിന്നും ഇന്ധന ആൽക്കഹോൾ നിർമ്മിക്കുന്നതിനാവശ്യമായ ഗ്ലൂക്കോസ് പോലുള്ള കാർബോഹൈഡ്രേറ്റ് തന്മാത്രകളുടെ ഉത്പാദനത്തിന് സസ്യങ്ങളിലെ സെല്ലുലോസ് വിഘടനത്തിന് വിധേയമാകണം. ഇതിനു സഹായിക്കുന്ന പ്രധാനപ്പെട്ട എൻസൈമാണ് ബീറ്റാ ഗ്ലൂക്കോസിഡേസ്. നിലവിൽ വിപണിയിൽ ലഭ്യമായ ചില എൻസൈമുകളേക്കാൾ മികച്ച പ്രകടനം നടത്താൻ സഹായകമായ എൻസൈം കൂടിയാണിത്.