കൊച്ചി: ഒബിസിറ്റി സർജറി സൊസൈറ്റി ഓഫ് ഇന്ത്യയുടെ 21-ാം ദേശീയ സമ്മേളനം ഫെബ്രുവരി ഏഴ് മുതൽ പത്ത് വരെ കൊച്ചി ലേ മെറിഡിയനിൽ നടക്കും. കേരളത്തിൽ ആദ്യമായി നടക്കുന്ന ഒബിസിറ്റി സർജന്മാരുടെ സമ്മേളനം വി.പി.എസ് ലേക്ഷോർ ആശുപത്രിയുടെ മിനിമലി ഇൻവേസീവ് സർജറി വിഭാഗം, കീഹോൾ ക്ലിനിക്, വെർവൻഡൈൻ ഇൻസ്റ്റിറ്റ്യൂട്ട്, അസോസിയേഷൻ ഓഫ് സർജൻസ് ഓഫ് ഇന്ത്യ എന്നിവർ സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.

ഏഴിന് ഇന്റർനാഷണൽ സൊസൈറ്റി ഓഫ് സർജൻസ് ഫോർ ഒബിസിറ്റി പ്രസിഡന്റ് ഡോ. ഗർഹാൾഡ് പ്രാഗർ(വിയന്ന) സമ്മേളനം ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ ഡോ. ആർ പത്മകുമാർ അധ്യക്ഷത വഹിക്കും.ലേക്ഷോർ എം.ഡി എസ്.കെ അബ്ദുള്ള, അമേരിക്കൻ ബായാട്രിക് സൊസൈറ്റി അദ്ധ്യക്ഷ ഡോ. മറിനാ കുര്യൻ, മെറ്റബോളിക് സർജറി ഉപജ്ഞാതാവ് ഡോ. ഓറിയോ ഡിപോള (ബ്രസീൽ), ബ്രിട്ടീഷ് ഒബിസിറ്റി സൊസൈറ്റി അധ്യക്ഷൻ ഡോ. ജിം ബെറിൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ഒബിസിറ്റി സർജറി സൊസൈറ്റി ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് ഡോ. പ്രവീൺ രാജ് അധ്യക്ഷ പ്രസംഗം നടത്തും.

ഇന്ത്യയിലെയും വിദേശത്തെയും മുന്നൂറിലേറെ ഒബിസിറ്റി വിദഗ്ദ്ധർ സമ്മേളനത്തിൽ പങ്കെടുക്കും. ഇന്റർനാഷണൽ ലക്‌ചേഴ്‌സ് വിഭാഗത്തിൽ ഇരുന്നൂറിലധികം പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെടും. ഇതിൽ നൂറ്റമ്പത് പ്രബന്ധങ്ങൾ ഇന്ത്യയിൽ നിന്നുള്ളവയാണ്. ഫെബ്രുവരി ഏഴിന് വി.പി.എസ് ലേക്ഷോർ ആശുപത്രിയിൽ നടക്കുന്ന പ്രീകോൺഫറൻസ് സെമിനാറുകളിൽ ഒബിസിറ്റി മേഖലയിലെ എല്ലാ വിഭാഗം വിദഗ്ധരും പങ്കെടുക്കും. അന്ന് വൈകിട്ട് യുവസർജന്മാർക്ക് വേണ്ടി പ്രായോഗിക പരിശീലനത്തിനും സജ്ജീകരണങ്ങൾ ചെയ്തിട്ടുണ്ട്.

8, 9, 10 തിയതികളിലെ സമ്മേളനം ലേ മെറിഡിയൻ കൺവെൻഷൻ സെന്ററിൽ വിവിധ ശസ്ത്രീയ സമ്മേളനങ്ങളോടെ നടത്തപ്പെടും. ഒബിസിറ്റി നിയന്ത്രത്തിലാക്കാനുള്ള മരുന്നുകൾ ജീവിതചര്യകൾ, ബലൂൺ ശസ്ത്രക്രിയകൾ, ശസ്ത്രക്രിയകൾ എന്നിവയിൽ അന്താരാഷ്ട്ര തലത്തിൽ വന്നിട്ടുള്ള പുരോഗതികൾ എല്ലാവരിലും എത്തിക്കുകയും ജനങ്ങൾക്ക് അവയുടെ പ്രയോജനം ലഭ്യമാക്കുകയുമാണ് ഈ സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഓർഗനൈസിങ് ചെയർമാൻ ഡോ. ആർ പത്മകുമാർ, സെക്രട്ടറി ഡോ. മധുകർ പൈ, കോൺഫറൻസ് മാനേജർ പ്രേംന സുബിൻ എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.