തിരുവനന്തപുരം: ഇന്ത്യൻ മേൽവിലാസം ഉപയോഗിച്ച് വ്യാജ ആധാർ കാർഡുണ്ടാക്കി പാസ്‌പോർട്ട് എടുത്ത ബംഗ്ലാദേശ് പൗരൻ തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിൽ. ബംഗ്ലാദേശ് കുമില്ല ജില്ലയിൽ മദ്രസാ മുറാഡ് നഗറിൽ ദേബ്‌നാഥിനെ (30) യാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ പിടികൂടിയത്.

ചൊവ്വാഴ്ച പുലർച്ചെ 1.20-ന് തിരുവനന്തപുരത്തുനിന്ന് ഷാർജയിലേക്ക് പോയ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനാണ്. ബംഗ്ലാദേശ് പൗരനായ ഇയാൾ ഇന്ത്യൻ മേൽവിലാസത്തിൽ വ്യാജ ആധാർ കാർഡുണ്ടാക്കിയാണ് പാസ്‌പോർട്ട് നേടിയതെന്ന് ഇമിഗ്രഷൻ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.

ഇതേത്തുടർന്ന് ഇയാളെ തടഞ്ഞുവെച്ച് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. തുടർന്ന് വലിയതുറ എസ്.എച്ച്.ഒ. അശോക് കുമാറിനെ വിവരമറിച്ചു. എസ്‌ഐ.മാരായ ഇൻസമാം, അജേഷ് കുമാർ എന്നിവർ വിമാനത്താവളത്തിലെത്തി ഇയാളെ അറസ്റ്റ് ചെയ്തു.

ബംഗ്ലാദേശിൽ നിന്ന് ത്രിപുര, ബെംഗളൂരു വഴിയാണ് ഇയാൾ തിരുവനന്തപുരത്ത് എത്തിയതെന്ന് വലിയതുറ പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ പാസ്‌പോർട്ട് ആക്ട് പ്രകാരം കേസെടുത്തു. സംഭവത്തിൽ മറ്റ് ഏജൻസികളും അന്വേഷണം തുടങ്ങി.