- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യ ലഹരിയിൽ വാക്കുതർക്കം; ഇതരസംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു; വാടകമുറിയിൽ ഒപ്പം താമസിച്ച ബംഗാൾ സ്വദേശി അറസ്റ്റിൽ
മൂവാറ്റുപുഴ: വെള്ളൂർക്കുന്നത്ത് ഇതരസംസ്ഥാന തൊഴിലാളി വാടകമുറിയിൽ ഒപ്പം താമസിച്ചിരുന്നയാളുടെ കുത്തേറ്റ് മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി എസ്.കെ. റെക്കിബുൾ (31) ആണ് മരിച്ചത്. തിങ്കളാഴ്‌ച്ച രാത്രി 12 മണിയോടെയാണ് സംഭവം. ഒപ്പം താമസിച്ചിരുന്ന വെസ്റ്റ് ബംഗാൾ സ്വദേശി നിജാഉദ്ദീൻ മിയ (34) നെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളൂർക്കുന്നം സിഗ്നലിനു സമീപം സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വാടക മുറിയിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. മദ്യ ലഹരിയിലുണ്ടായ വാക്കുതർക്കത്തിനിടെ റെക്കിബുള്ളിന് കുത്തേൽക്കുകയായിരുന്നുവെന്നാണ് വിവരം. ഇയാളുടെ ഇടത് നെഞ്ചിൽ വാരിയെല്ലുകൾക്കിടയിൽ കുത്തേറ്റ മുറിവുണ്ട്. ഇതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസും അഗ്നിശമന സേനയും ചേർന്ന് റെക്കിബുളിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മരച്ചീനി കൃഷി ചെയ്തിരുന്ന തൊഴിയാളിയായിരുന്നു കൊല്ലപ്പെട്ട റെക്കിബുൾ. കെട്ടിടം പണിക്കാരനായ നിജാമുദ്ദീൻ സ്ഥിരമായി ജോലിക്കൊന്നും പോയിരുന്നില്ലെന്നാണ് മറ്റ് തൊഴിലാളികൾ നൽകുന്ന വിവരം. വിരലടയാള വിദഗ്ധരും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദ്ദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.