മഞ്ചേരി: പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 133 വർഷം കഠിനതടവും 8.85 ലക്ഷം രൂപ പിഴയും വിധിച്ചു. രണ്ടു കേസുകളിലായി സ്‌പെഷൽ പോക്‌സോ കോടതിയുടെതാണ് വിധി. എടവണ്ണ കാരക്കുന്ന് ഷൈജുകുമാറിന്(42) ആണ് ജഡ്ജി എ.എം.അഷ്‌റഫ് ശിക്ഷ വിധിച്ചത്. 13 വയസ്സുകാരിയും 11 വയസ്സുകാരിയുമാണ് പീഡനത്തിന് ഇരയായത്.

13 വയസ്സുകാരിയെ പീഡിപ്പിച്ചതിനു വിവിധ വകുപ്പുകളിലായി 123 വർഷം കഠിന തടവും 7 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം. 11 വയസ്സുകാരിയെ ലൈംഗിക ഉപദ്രവം നടത്തിയതിനു വിവിധ വകുപ്പുകളിലായി 10 വർഷം കഠിനതടവും 1.85 ലക്ഷം രൂപ പിഴയും വിധിച്ചു.

2022 മാർച്ച് 26ന് ആണ് സംഭവം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. എടവണ്ണ ഇൻസ്‌പെക്ടർ അബ്ദുൽ മജീദ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷനു വേണ്ടി എ.സോമസുന്ദരൻ ഹാജരായി. 16 സാക്ഷികളെ വിസ്തരിച്ചു.