കൊല്ലം: ചടയമംഗലത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ മദ്യം നൽകി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പന്നി ഫാം ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം വൈക്കം ടി.വി പുരം സ്വദേശി ബൈജുവാണ് പിടിയിലായത്. രണ്ടു വർഷമായി ഇടത്തറ പണയിൽ പന്നി ഫാം നടത്തുകയാണ് ബൈജു.

പന്നി ഫാമിന് സമീപത്തുള്ള കുട്ടികളാണ് പീഡനത്തിന് ഇരയായത്. ഫാമിലെ ജോലി ചെയ്യാനെന്ന പേരിൽ കുട്ടികളെ വിളിച്ചുവരുത്തി ശീതള പാനീയത്തിൽ മദ്യം കലർത്തി നൽകിയ ശേഷമായിരുന്നു പീഡനം. ആഹാരത്തിനൊപ്പം ശീതളപാനീയത്തിൽ മദ്യം ചേർത്ത് നൽകുകയായിരുന്നു പതിവ്. രാത്രിയും ഫാമിൽ തങ്ങാൻ പ്രേരിപ്പിച്ച് മൊബൈൽ ഫോണിൽ അശ്ശീല വീഡിയോ കാണിച്ച് കുട്ടികളെ പീഡിപ്പിച്ചെന്നാണ് കേസ്. പീഡന ദൃശ്യങ്ങൾ ഫോണിൽ പകർത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടർന്നു.

14 മുതൽ 16 വരെ പ്രായമുള്ള കുട്ടികളാണ് പീഡനത്തിന് ഇരയായത്. കുട്ടികളുടെ സ്വഭാവത്തിൽ വന്ന മാറ്റം മനസിലാക്കിയ മാതാപിതാക്കൾ ചൈൽഡ് ലൈനിനെ സമീപിച്ചു. കൗൺസിലിംഗിലാണ് പീഡന വിവരം പുറത്തായത്. 2022 മുതൽ പീഡനം തുടരുന്നു. കഴിഞ്ഞ മാസം പതിനൊന്നിന് മൂന്ന് കുട്ടികളുടെ പരാതിയിൽ പൊലീസ് മൂന്ന് കേസെടുത്തു. ഒളിവിൽ പോയ ബൈജുവിനെ ചടയമംഗലം പൊലീസ് പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.