ന്യൂഡൽഹി: വിലക്കയറ്റത്തിൽനിന്ന് സാധാരണക്കാരെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 'ഭാരത് അരി' ബ്രാൻഡുമായി കേന്ദ്രസർക്കാർ. കിലോഗ്രാമിന് 29 രൂപ നിരക്കിൽ അഞ്ച്, 10 കിലോ ഗ്രാം പാക്കറ്റുകളിലായിരിക്കും അരി ലഭിക്കുകയെന്ന് ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു. അടുത്തയാഴ്ച വിപണിയിലെത്തിക്കുമെന്ന് കേന്ദ്ര ഭക്ഷ്യ സെക്രട്ടറി സഞ്ജീവ് ചോപ്ര പറഞ്ഞു. ആദ്യഘട്ടത്തിൽ ചില്ലറവിപണി വിൽപ്പനയ്ക്കായി അഞ്ചുലക്ഷം ടൺ അരിയാണ് കേന്ദ്രം അനുവദിച്ചത്. നാഫെഡ്, നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ, കേന്ദ്രീയ ഭണ്ഡാർ തുടങ്ങിയ സംവിധാനങ്ങളിലൂടെയാകും അരി പൊതുവിപണിയിലേക്കെത്തുക. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെയും അരി ലഭ്യമാക്കും.