മറയൂർ: തൊട്ടിലിൽ കിടന്നുറങ്ങിയ ഒന്നര വയസ്സുകാരി കുരങ്ങിന്റെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കുരങ്ങ് കുട്ടിയുടെ മുടിയിൽ പിടിച്ചു വലിച്ചെങ്കിലം കുഞ്ഞിന്റെ കരച്ചിൽ കേട്ട് മുത്തശ്ശി എത്തിയതിനാൽ കുഞ്ഞ് രക്ഷപ്പെട്ടു. മറയൂർ നാച്ചിവയൽ ഗ്രാമത്തിലെ രമേശിന്റെയും പ്രിയങ്കയുടെയും മകൾ മീനാക്ഷിയാണ് രക്ഷപ്പെട്ടത്.

അച്ഛനും അമ്മയും തമിഴ്‌നാട്ടിൽ ജോലിക്ക് പോയപ്പോഴാണ് ആക്രണം. മുത്തശ്ശി കാമാക്ഷിയാണ് കുട്ടിക്ക് ഒപ്പമുണ്ടായിരുന്നത്. ചൊവ്വാഴ്ച വൈകീട്ട് നാലരയ്ക്ക് കാമാക്ഷി കുട്ടിയെ തൊട്ടിലിൽ കിടത്തി പുറത്ത് പാത്രം കഴുകുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടി അകത്തുകയറിയ കാമാക്ഷി കണ്ടത് കുട്ടിയുടെ മുടിയിൽ പിടിച്ചുവലിക്കുന്ന കുരങ്ങിനെയാണ്.

കാമാക്ഷി ഒച്ചയിട്ടതോടെ കുരങ്ങ് വീടിന് പുറത്തേക്ക് ഓടിപ്പോയി. സംഭവം അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. സിപിഎം. ഏരിയ കമ്മിറ്റിയംഗം എസ്. ചന്ദ്രന്റെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധിച്ചു. ഗ്രാമത്തിന്റെ വനാതിർത്തികളിൽ സ്ഥിരമായി വാച്ചർമാരെ നിയമിക്കുമെന്ന ഉറപ്പ് കിട്ടിയശേഷമാണ് പ്രതിഷേധം നിർത്തിയത്.