തിരുവനന്തപുരം: ശബരിമല തീർത്ഥാടനത്തിന് പോയ തിരുവനന്തപുരം മെഡിക്കൽ കോളജിന് സമീപം തൊടിയിൽ വീട്ടിൽ ഇന്ദിരയുടെ മകൻ അനിൽകുമാറിനെ (49) കാണാതായിട്ട് ഒരു മാസം പിന്നിടുമ്പോഴും പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല. 2023 ഡിസംബർ 30ന് അഞ്ച് സുഹൃത്തുക്കളോടൊപ്പമാണ് അനിൽകുമാർ ശബരിമലയിലേക്ക് പോയത്. ഹിന്ദു ഐക്യവേദി ശംഖുമുഖം നഗർ സമിതി സെക്രട്ടറിയാണ് അനിൽകുമാർ.

കാനനപാതയിലുടെ ശബരിമലയ്ക്ക് പോകവെ ജനുവരി ഒന്നിന് എരുമേലി ഇടത്താവളത്തിൽ തങ്ങി. പിറ്റേ ദിവസം രാവിലെ അനിൽകുമാറിനെ കാണാതാവുകയും തുടർന്ന് ഫോറസ്റ്റ് വിഭാഗം അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. കൂടെയുണ്ടായിരുന്ന തീർത്ഥാടകർ പമ്പാ പൊലീസിൽ പരാതി നല്കി. കൂടെപ്പോയ സുഹൃത്തുക്കളുടെയോ അമ്മയുടെയോ മൊഴിയെടുക്കാൻ പൊലീസ് ഇതുവരെ തയാറായിട്ടില്ല. ഓട്ടോ തൊഴിലാളിയായ മകനെ കാണാതായ കേസിൽ പൊലീസിന്റെ ഗുരുതര വീഴ്ചയ്ക്കെതിരെ അമ്മ ഡിജിപിക്ക് പരാതിയും നൽകി. എന്നിട്ടും ഫലമുണ്ടായില്ല.

അനിൽകുമാറിനെ കണ്ടെത്തുന്നതിൽ പൊലീസ് വീഴ്ച ആരോപിച്ച് ഹിന്ദു ഐക്യവേദി ജില്ലാ സമിതിയുടെ നേത്യത്വത്തിലും ഡിജിപിക്ക് പരാതി നല്കി. അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡിജിപി ഉറപ്പ് നല്കി. ജില്ലാ സംഘടന സെക്രട്ടറി വഴയില ഉണ്ണി, താലൂക്ക് പ്രസിഡന്റ് അനിൽ രവീന്ദ്രൻ, വർക്കിങ് പ്രസിഡന്റ് ജയദീപ് എന്നിവരാണ് പരാതി നൽകിയത്.