കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനായിരുന്ന ഡോ. വന്ദനാദാസിന്റെ കൊലപാതകത്തിൽ ചില സംശയങ്ങളുണ്ടെന്ന് വന്ദനയുടെ പിതാവ്. സിബിഐ അന്വേഷണത്തെ സംസ്ഥാന സർക്കാർ എതിർത്തത് എന്തിനാണെന്ന് മനസ്സിലാക്കുന്നില്ലെന്നും വന്ദനയുടെ പിതാവ് മോഹൻദാസ് മാധ്യമങ്ങളോട് പറഞ്ഞു. വന്ദനയുടെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ നൽകിയ ഹർജി ചൊവ്വാഴ്ച ഹൈക്കോടതി തള്ളിയിരുന്നു. ഗുരുതര ആരോപണങ്ങളാണ് അച്ഛൻ ഉയർത്തുന്നത്.

സംഭവവുമായി ബന്ധപ്പെട്ട പലകാര്യങ്ങളും വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. ആശുപത്രി സംരക്ഷണ ബില്ല് ഉണ്ടാക്കിയതിലും തനിക്ക് സംശയമുണ്ട്. ചികിത്സ വൈകിയതിന് പിന്നിൽ മെഡിക്കൽ ബില്ല് പാസാക്കാനുള്ള ശ്രമമാണോ എന്നതാണ് തന്റെ സംശയം. ഐഎംഎ നേതാക്കൾക്ക് ഇതിൽ പങ്കുള്ളതായി സംശയിക്കുന്നുവെന്നും മോഹൻദാസ് പറഞ്ഞു.

ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകും. കൃത്യമായ അന്വേഷണത്തിന് പുറത്തുനിന്നുള്ള ഏജൻസിതന്നെ വേണമെന്നും മോഹൻദാസ് പറഞ്ഞു. 'സർക്കാർ എന്തിനാണ് സിബിഐ അന്വേഷണത്തെ എതിർക്കുന്നതെന്ന് ജഡ്ജിമാരും ചോദിച്ചിട്ടുണ്ട്. മാതാപിതാക്കൾക്ക് അത്തരമൊരു അന്വേഷണമാണ് താത്പര്യമെങ്കിൽ അതിന് അനുവദിച്ചുകൊടുക്കേണ്ടതല്ലേയെന്നും ആരാഞ്ഞു. പിന്നെയും സർക്കാർ എതിർത്തതെന്തിനെന്ന് മനസ്സിലാകുന്നില്ല', മോഹൻദാസ് പറഞ്ഞു.

അക്രമമുണ്ടായി നാലര മണിക്കൂറോളം തന്റെ മകൾക്ക് ചികിത്സ ലഭിച്ചില്ല. അവിടെ ഉണ്ടായിരുന്ന പൊലീസുകാർ പ്രതിയെ പിടിച്ചു മാറ്റാൻപോലും തയ്യാറായില്ല. കുത്തുകൊണ്ട് ഒരു മണിക്കൂർവരെ വന്ദന പൊലീസ് എയ്ഡ് പോസ്റ്റിൽ ഇരുന്നു. പൊലീസിന്റെ സാന്നിധ്യത്തിൽ നടന്ന ഒരു കൊലപാതകമാണ്. അരമണിക്കൂർ കൊണ്ട് ആശുപത്രിയിൽ എത്തേണ്ട സ്ഥാനത്ത് ഒന്നര മണിക്കൂർ എടുത്തുവെന്നും എഫ്ഐആറിൽ തിരുത്തൽ വരുത്തിയെന്നും അദ്ദേഹം ആരോപിച്ചു.