പത്തനംതിട്ട: പുതിയ പാഠ്യപദ്ധതി പ്രകാരം വാക്കും വാചകങ്ങളും അടുത്ത അധ്യയനവർഷം ഒന്നാംക്ലാസിൽത്തന്നെ തുടങ്ങാൻ സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും മൂന്നാംക്ലാസ്മുതൽ മതിയെന്ന് വിദഗ്ദരുടെ ശുപാർശ. സർക്കാരിന്റെ കീഴിലുള്ള ഭാഷാ മാർഗനിർദേശകസമിതിയാണ് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിലെ ഔദ്യോഗിക ഭാഷാവിഭാഗത്തിന് ശുപാർശ സമർപ്പിച്ചത്.

ജൂണിൽ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലാണ് പുതിയ പാഠ്യപദ്ധതി നിലവിൽവരുന്നത്. ഒന്നാംക്ലാസിൽ വാക്കുകളും വാചകങ്ങളും ഉൾപ്പെടുത്തിയുള്ള പാഠപുസ്തകങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. ഒരുമാസംമുമ്പ് കാസർകോട് ചെറുവത്തൂരിൽ പാഠപുസ്തകം തയ്യാറാക്കിയ അദ്ധ്യാപകരുടെ നേതൃത്വത്തിൽ പരീക്ഷണാർഥം ക്ലാസുകളും നടത്തിയിരുന്നു.

ഒന്നാംക്ലാസുകാർക്ക് എഴുത്തും വായനയും ഉറയ്ക്കുന്നതിനുള്ള പ്രക്രിയയാണ് ചെറുവത്തൂരിൽ പ്രായോഗികമായി പരീക്ഷിച്ചതെന്നും അത് വിജയകരമായിരുന്നെന്നും എസ്.സി.ഇ.ആർ.ടി. അന്ന് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വാക്കും വാചകങ്ങളും മൂന്നാംക്ലാസ് മുതൽ മതിയെന്ന് വിദഗ്ദർ അഭിപ്രായപ്പെട്ടത്.

22-ന് മുൻ ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ അധ്യക്ഷതയിൽ ഭാഷാ മാർഗനിർദേശക വിദഗ്ധസമിതി യോഗംചേർന്നത്. ഭാഷാപഠനം മെച്ചപ്പെടുത്തുന്നതിന് വരുത്തേണ്ട മാറ്റങ്ങൾ ചർച്ചചെയ്യാനായിരുന്നു യോഗം.

ഒന്നാംക്ലാസിൽ കുട്ടികളെ എല്ലാ അക്ഷരങ്ങളും പരിചയപ്പടെുത്തണമെന്നും എളുപ്പമുള്ള അക്ഷരങ്ങൾ ആദ്യം പഠിപ്പിക്കണമെന്നും സ്‌കൂളുകളിൽ അക്ഷരമാല പ്രദർശിപ്പിക്കണമെന്നും യോഗത്തിൽ പങ്കെടുത്ത ഭാഷാവിദഗ്ധൻ ഡോ. വി.ആർ. പ്രബോധചന്ദ്രൻ അഭിപ്രായപ്പെട്ടു.