കണ്ണൂർ: സംസ്ഥാനത്ത് പന്നിയിറച്ചി വില കുതിക്കുന്നു. മൂന്നാഴ്ചയ്ക്കിടെ 70 രൂപയോളമാണ് വർധിച്ചത്. നിലവിൽ കിലോഗ്രാമിന് 320 രൂപ മുതൽ 350 രൂപ വരെയാണ് കമ്പോളവില. മൂന്നാഴ്ച മുൻപുവരെ 280 രൂപയായിരുന്നു. പോത്തിറച്ചിയുടെ അതേ വിലയാണ് ഇപ്പോൾ പന്നിയിറച്ചിക്കും.

തമിഴ്‌നാട്ടിലും കർണാടകയിലും പന്നിയിറച്ചിക്ക് വില കൂടിയതാണ് വിലവർധനയ്ക്ക് കാരണമെന്ന് വ്യാപാരികൾ പറയുന്നു. ആഫ്രിക്കൻ പന്നിപ്പനി കാരണം നാട്ടിലുള്ള പന്നികളെ കൂട്ടമായി കൊന്നൊടുക്കിയതിനാൽ ലഭ്യത കുറഞ്ഞതും മറ്റൊരു കാരണമായി.

കേരളത്തിൽ ആവശ്യക്കാർ ഒരുപാടുണ്ട്, എന്നാൽ പന്നികളെ കിട്ടാനില്ലെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. രണ്ടുവർഷത്തിനുശേഷമാണ് പന്നിയിറച്ചിക്ക് ഒറ്റയടിക്ക് ഇത്രയും വില കൂടുന്നതെന്നും അങ്കമാലിയിലെ വ്യാപാരി നിക്‌സൺ ഡിക്രൂസ് പറഞ്ഞു.

പന്നിയെ വളർത്തുന്ന കർഷകർക്ക് 180 മുതൽ 200 രൂപ വരെയാണ് (ലൈവ് തൂക്കത്തിന്) ലഭിക്കുന്നത്. ഒരുകിലോ പോത്തിറച്ചിക്ക് 300-350 രൂപയാണ് വില. ആട്ടിറച്ചി കിലോയ്ക്ക് 600-700 രൂപയും.