- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാരതപ്പുഴ പുനരുജ്ജീവനം: ഗോവൻ മാതൃകയിൽ ജലബന്ധാര നിർമ്മിക്കും
പാലക്കാട്: പാലക്കാട് ജില്ലാ പഞ്ചായത്ത് ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി കരിമ്പുഴ പഞ്ചായത്തിൽ ഗോവൻ മാതൃകയിൽ ജലബന്ധാര നിർമ്മിക്കും. ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായ കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ബന്ധാര ഡിസൈൻ ചെയ്യുന്നതിന് മൈനർ ഇറിഗേഷൻ വകുപ്പിന്റെ ഐ.ഡി.ആർ.ബി വിഭാഗത്തെ ഏൽപിക്കുന്നതിനും സമയബന്ധിതമായി ഡിസൈൻ പൂർത്തീകരിച്ച് എസ്റ്റിമേറ്റ് എടുത്ത് തുടർപ്രവർത്തനങ്ങൾ അടിയന്തിരമായി ആരംഭിക്കുന്നതിനും തീരുമാനിച്ചു.
ഗോവയിൽ വ്യാപകമായിട്ടുള്ള ജലസേചന മാതൃകയാണ് ജലബന്ധാര. കുറഞ്ഞ നിർമ്മാണ ചെലവ്, കുറവ് നിർമ്മാണ സാമഗ്രികൾ, കൂടുതൽ ജലം സംഭരിക്കാനുള്ള ശേഷി എന്നിവയാണ് ഈ രീതിയുടെ പ്രത്യേകത. സാധാരണ തടയണകളിൽനിന്ന് വ്യത്യസ്തമായി ഉയരം കൂടിയ ഡിസൈൻ ആയതിനാൽ ധാരാളം ജലം സംഭരിക്കപ്പെടുകയും അതുവഴി ഭൂഗർഭ ജലത്തിന്റെ അളവിൽ വർധനവുണ്ടാകുകയും ചെയ്യുന്ന മാതൃകയാണ് ബന്ധാര.
കരിമ്പുഴ പഞ്ചായത്തിൽ രണ്ടു മീറ്റർ ഉയരത്തിലാണ് ഭാരതപ്പുഴയ്ക്ക് കുറുകെ ബന്ധാര നിർമ്മിക്കുന്നത്. ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായിട്ടുള്ള ഡി.പി.ആറിൽ ഇതിനുള്ള പ്രൊപ്പോസൽ വച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായി പാലക്കാട് ജില്ലയിലാണ് ഇത്തരമൊരു മാതൃക പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്നത്. കരിമ്പുഴ പഞ്ചായത്തിലെ കാർഷിക, കുടിവെള്ള മേഖലയിൽ ബന്ധാര നിർമ്മാണം വലിയ രീതിയിൽ പ്രയോജനം ചെയ്യും. ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് ഒരു കോടി രൂപ പാലക്കാട് ജില്ലാ പഞ്ചായത്ത് ഇതിനകം ജലസേചന വകുപ്പിന് പ്രത്യേകമായി വകയിരുത്തിയിട്ടുണ്ട്. ഈ വർഷാവസാനത്തോടെ നിർമ്മാണം പൂർത്തിയാകും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമൻകുട്ടി, നവകേരളം കർമ്മ പദ്ധതി ജില്ലാ കോ-ഓർഡിനേറ്റർ പി. സെയ്തലവി, കോർ കമ്മിറ്റി അംഗങ്ങളായ വൈ. കല്യാണകൃഷ്ണൻ, പ്രൊഫ. ബി.എം. മുസ്തഫ, മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ സുമൻ ബി. ചന്ദ്രൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.