- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒസ്സികോൺ ദേശീയ സമ്മേളനം കൊച്ചിയിൽ ആരംഭിച്ചു
കൊച്ചി: ഒബിസിറ്റി (അമിതവണ്ണം) സർജറി സൊസൈറ്റി ഓഫ് ഇന്ത്യയുടെ 21-ാം ദേശീയ സമ്മേളനം ലേ മെറിഡിയൻ കൺവെൻഷൻ സെന്ററിൽ ആരംഭിച്ചു. കേരളത്തിൽ ആദ്യമായി നടക്കുന്ന ഒബിസിറ്റി സർജന്മാരുടെ സമ്മേളനം ശനിയാഴ്ച വരെ തുടരും. വി.പി.എസ് ലേക്ഷോർ ആശുപത്രിയുടെ മിനിമലി ഇൻവേസീവ് സർജറി വിഭാഗം, കീഹോൾ ക്ലിനിക്, വെർവൻഡൈൻ ഇൻസ്റ്റിറ്റ്യൂട്ട്, അസോസിയേഷൻ ഓഫ് സർജൻസ് ഓഫ് ഇന്ത്യ എന്നിവ സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
വ്യാഴാഴ്ച ഒബിസിറ്റി സർജറി സൊസൈറ്റി ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് ഡോ. പ്രവീൺ രാജിന്റെ അധ്യക്ഷതയിൽ ലേ മെറിഡിയനിൽ നടന്ന ചടങ്ങിൽ ഇന്റർനാഷണൽ സൊസൈറ്റി ഓഫ് സർജൻസ് ഫോർ ഒബിസിറ്റി പ്രസിഡന്റ് ഡോ. ജെറാൾഡ് പ്രാഗർ (വിയന്ന) സമ്മേളനം ഉദ്ഘാടനം ചെയ്തു. ആഗോള തലത്തിൽ നോക്കിയാൽ ഇന്ത്യയിൽ അമിതവണ്ണക്കാരുടെ എണ്ണം താരതമ്യേന കുറവാണെങ്കിലും ചികിത്സ ആവശ്യമായ രോഗാവസ്ഥ തന്നെയാണ് അതെന്ന് ജെറാൾഡ് പ്രാഗർ അറിയിച്ചു. അമിത വണ്ണക്കാരുടെ എണ്ണത്തിൽ 55 ശതമാനത്തിലേറെയാണ് പ്രതിവർഷം വർധനവുണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘാടക സമിതി ചെയർമാൻ ഡോ. ആർ പത്മകുമാർ, ലേക്ഷോർ എം.ഡി എസ്.കെ അബ്ദുള്ള, സംഘാടക സമിതി സെക്രട്ടറി ഡോ. മധുകർ പൈ തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു.
സമ്മേളനത്തിന് മുന്നോടിയായി ബുധനാഴ്ച വി.പി.എസ് ലേക്ഷോർ ആശുപത്രിയിൽ സർജന്മാരുടെ പ്രീകോൺഫറൻസ് സെമിനാറുകളും യുവസർജന്മാർക്ക് വേണ്ടി പ്രായോഗിക പരിശീലനവും നടന്നിരുന്നു. അമേരിക്കൻ ബായാട്രിക് സൊസൈറ്റി അദ്ധ്യക്ഷ ഡോ. മറിനാ കുര്യൻ, മെറ്റബോളിക് സർജറി ഉപജ്ഞാതാവ് ഡോ. ഓറിയോ ഡിപോള (ബ്രസീൽ), ബ്രിട്ടീഷ് ഒബിസിറ്റി സൊസൈറ്റി അധ്യക്ഷൻ ഡോ. ജിം ബെറിൻ എന്നിവർ ഒബിസിറ്റി ചികിത്സയിലെ ആധുനിക മാറ്റങ്ങളെക്കുറിച്ച് വ്യാഴാഴ്ച നടന്ന സെമിനാറിൽ പ്രഭാഷണം നടത്തി.
മൂന്ന് ദിവസത്തെ സമ്മേളനത്തിൽ വിദഗ്ദ്ധർ പങ്കെടുക്കുന്ന സെമിനാറുകളും ചർച്ചകളും നടക്കും. ഇന്ത്യയിലെയും വിദേശത്തെയും മുന്നൂറിലേറെ ഒബിസിറ്റി വിദഗ്ധരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. വരും ദിവസങ്ങളിൽ ഇന്റർനാഷണൽ ലക്ചേഴ്സ് വിഭാഗത്തിൽ ഇരുന്നൂറിലധികം പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെടും. ഇതിൽ നൂറ്റമ്പത് പ്രബന്ധങ്ങൾ ഇന്ത്യയിൽ നിന്നുള്ളവയാണ്.
അമിതവണ്ണം നിയന്ത്രത്തിലാക്കാനുള്ള മരുന്നുകൾ ജീവിതചര്യകൾ, ബലൂൺ ശസ്ത്രക്രിയകൾ, ശസ്ത്രക്രിയകൾ എന്നിവയിൽ അന്താരാഷ്ട്ര തലത്തിൽ വന്നിട്ടുള്ള പുരോഗതികൾ എല്ലാവരിലും എത്തിക്കുകയും ജനങ്ങൾക്ക് അവയുടെ പ്രയോജനം ലഭ്യമാക്കുകയുമാണ് ഈ സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നത്.