കൊച്ചി: ഫെബ്രുവരി 11ന് നടക്കുന്ന ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ ഒരുക്കങ്ങൾ പൂർത്തിയായി. മാരത്തൺ റൂട്ട് അനാവരണം ചെയ്തു. 42.195 കി.മീ മാരത്തൺ, 21.097 കി.മീ ഹാഫ് മാരത്തൺ, 10 കി.മീ, 3 കി.മീ ഗ്രീൻ റൺ എന്നീ വിഭാഗങ്ങൾക്ക് പുറമെ ഇത്തവണ ശാരീരിക അവശതകൾ നേരിടുന്നവർക്കും ഭിന്നശേഷിക്കാർക്കുമായി 1.3 കിലോമീറ്റർ സ്‌പെഷ്യൽ റൺ നടക്കും. വെൾഡ് അത്‌ലറ്റിക്‌സ് അംഗീകൃത റൂട്ടിലാണ് മാരത്തൺ നടക്കുക.

മാരത്തൺ പുലർച്ചെ 4 മണിക്ക് മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ഫ്‌ളാഗ് ഓഫ് ചെയ്യും. എം ജി റോഡ് വഴി തേവര ജംഗ്ഷൻ, ഓൾഡ് തേവര റോഡ്, ചർച്ച് ലാൻഡിങ് റോഡ്, ഫോർഷോർ റോഡ്, മറൈൻ ഡ്രൈവ്, ഗോശ്രീ പാലം ജംഗ്ഷനിൽ നിന്നും ചാത്യാത് വാക്ക് വേ വഴി തിരിഞ്ഞ് ഗോശ്രീ പാലം കയറി കണ്ടയിനർ റോഡ് വഴി ചേരാനല്ലൂർ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് കണ്ടയിനർ റോഡ് വഴി മറൈൻ ഡ്രൈവ്, ഫോർഷേർ റോഡ്, ഹോസ്പിറ്റൽ റോഡ് വഴി മഹാരാജാസ് ഗ്രൗണ്ടിൽ സമാപിക്കും. ഹാഫ് മാരത്തൺ രാവിലെ 5 മണിക്കും, 10 കി മീ മാരത്തൺ 6 മണിക്കും, 3 കിമീ ഗ്രീൻ റൺ 7 മണിക്കും, 1.3 കിലോ മീറ്റർ സ്‌പെഷ്യൽ റൺ 7.30നും ആരംഭിക്കും. 7280 പേർ ഇതിനകം മാരത്തണിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. 9,10 ദിവസങ്ങളിലായി നടക്കുന്ന എക്‌സ്‌പോയിൽ സ്‌പോട്ട് രജിസ്‌ട്രേഷൻ സൗകര്യം ഉണ്ടാകും. ഇതിലൂടെ 800 മുതൽ ആയിരം വരെ രജിസ്‌ട്രേഷൻ പ്രതീക്ഷിക്കുന്നു. സ്‌പെഷ്യ റൺ കാറ്റഗറിയിൽ 800 രജിസ്‌ട്രേഷൻ പൂർത്തീകരിച്ചിട്ടിട്ടുണ്ട്.

പത്തിലേറെ രാജ്യങ്ങളിൽ നിന്നും, ഇന്ത്യയിലെ ഇരുപതിലേറെ സംസ്ഥാനങ്ങളിൽ നിന്നുള്ള മികച്ച അത്‌ലറ്റുകളുടെ സാന്നിധ്യം കൊണ്ട് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ അന്തർ ദേശീയ ഇവന്റായി മാറുമെന്ന് റേസ് ഡയറക്ടർ ശബരി നായർ പറഞ്ഞു.

ഫെഡറൽ ബാങ്ക് കൊചി മാരത്തൺ ജനപങ്കാളിത്തം കൊണ്ട് തന്നെ ശ്രദ്ധ നേടുമെന്ന് ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റ് സുരേഷ് കുമാർ പറഞ്ഞു. ഫെഡറൽ ബാങ്കിലെ 500-ഓളം ജീവനക്കാർ മാരത്തണിൽ ഓടുമെന്നും അദ്ദേഹം അറിയിച്ചു. പതിനഞ്ചു ലക്ഷം രൂപയാണ് ഇത്തവണത്തെ സമ്മാനത്തുക.

മാരത്തൺ സുരക്ഷിതമായി നടത്തുന്നതിന് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി സംഘാടകർ അറിയിച്ചു. ഹോൾഡിങ് ഏരിയയിൽ ബേസ് മെഡിക്കൽ ക്യാമ്പും മാരത്തൺ റൂട്ടിൽ ആറ് മെഡിക്കൽ സ്റ്റേഷനുകളും സജ്ജീകരിക്കുമെന്ന് ആസ്റ്റർ മെഡിസിറ്റി എമർജൻസി വിഭാഗത്തിലെ ഡോ. ഹരി പറഞ്ഞു. അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിനായി മൂന്ന് ആംബുലൻസുകളുടെ സേവനവും ഒരുക്കും. എല്ലാ വോളന്റിയർമാർക്കും അടിയന്തര പരിചരണങ്ങളിലും സിപിആർ പോലുള്ള പ്രക്രിയകളിലും പരിശീലനം നൽകിയിട്ടുണ്ടെന്നും ഡോ. ഹരി അറിയിച്ചു.

അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രതിനിധികൾ സ്റ്റാർട്ട്, ഫിനിഷ് ലൈനുകളും യു ടേണുകളിലും ഔദ്യോഗികമായി നിരീക്ഷിക്കും. മാരത്തണിന്റെ ഓഫീഷ്യൽ പെയിൻ റിലീഫ് പാർട്ണറായ ടൈഗർ ബാം മാരത്തൺ റൂട്ടിലുടനീളം ഓട്ടക്കാർക്കുണ്ടാകുന്ന ഏതൊരു വേദനയും പരിഹരിക്കാൻ ടച്ച് പോയിന്റുകൾ സ്ഥാപിക്കും, കൂടാതെ മാരത്തണിന് ശേഷമുണ്ടാകുന്ന വേദനകളും അസ്വസ്ഥതകളും പരിഹരിക്കുന്നതിനും പരിചരണത്തിനുമായി പ്രൊഫഷണൽ സ്പോർട്സ് തെറാപ്പിസ്റ്റുകളുടെ റിലീഫ് സോണും സജ്ജമാക്കും.

ക്ലിയോ സ്പോർട്സ് ഡയറക്ടർമാരായ അനീഷ് കെ. പോൾ, ബൈജു പോൾ, എം.ആർ.കെ. ജയറാം, ശബരി നായർ ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ പ്രൊജക്ട് ഹെഡ് വിപിൻ നമ്പ്യാർ, കേരള സ്റ്റേറ്റ് അത്‌ലറ്റിക്‌സ് അസോസിയേഷൻ പ്രതിനിധി സോളമൻ ആന്റണി, കോഴ്സ് ഡയറക്ടർ അമീർ ശാന്തിവൻ തുടങ്ങിയവർ പങ്കെടുത്തു.