കൊച്ചി/തിരുവനന്തപുരം: കേരളത്തിൽ അത്യുഷ്ണം കുറച്ചുനാളുകൾ കൂടി തുടരുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ വ്യക്തമാക്കി. കഴിഞ്ഞ വർഷം ഫെബ്രുവരിയിലേതിനേക്കാൾ ഒന്നു മുതൽ 2 ഡിഗ്രിവരെ ചൂട് ഈ വർഷം കൂടിയിട്ടുണ്ട്. തെക്കുകിഴക്കൻ അറബിക്കടലിൽ സമുദ്രതാപനില 1.5 ഡിഗ്രി വർധിച്ചിരിക്കുകയാണ്. അവിടെനിന്നു വീശുന്ന ഉഷ്ണക്കാറ്റും കരയിൽ ചൂട് വർധിക്കാൻ കാരണമായിട്ടുണ്ട്.

ഇന്നലെ ശരാശരി താപനില 35 ഡിഗ്രി സെൽഷ്യസ് ആയിരുന്നത് രണ്ട് ആഴ്ചയ്ക്കുള്ളിൽ 38 ഡിഗ്രി സെൽഷ്യസ് വരെ എത്തിയേക്കും. ഈ മാസം മഴ പെയ്യില്ല. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വേനൽ മഴ ലഭിക്കുമെങ്കിലും സാധാരണ ലഭിക്കുന്നതിലും കുറവായിരിക്കുമെന്നും കാലാവസ്ഥാ വിദഗ്ദ്ധർ പറയുന്നു. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ 3840 ഡിഗ്രി സെൽഷ്യസ് താപനില എല്ലാ ജില്ലകളിലും പ്രതീക്ഷിക്കാം.