കൊച്ചി: പെൻഷനായി കിട്ടാനുള്ള അരലക്ഷം രൂപയ്ക്കായി ഭവാനി കാത്തിരിപ്പു തുടങ്ങിയിട്ട് ഏഴു വർഷമായി. ഓരോ പ്രാവശ്യവും എറണാകുളം റീജനൽ പിഎഫ് ഓഫിസിലെത്തുമ്പോഴും ഓരോ ന്യായം പറഞ്ഞ് മടക്കി അയക്കും. ജോലി ചെയ്തതിന്റെ അവകാശമായ പണം ലഭിക്കാനുള്ളപ്പോഴും മക്കളുടെ കാരുണ്യത്തിലാണ് ഭവാനിയുടെ ജീവിതം.

തൃശൂർ പേരാമ്പ്ര സ്വദേശി ശിവരാമൻ ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ അരങ്ങേറുന്നതിനിടയിലേക്കാണു ഭവാനി കലൂരിലെ ഇപിഎഫ് റീജനൽ ഓഫിസിൽ എത്തിയത്. തന്റെ ദുരിതം യോഗത്തിൽ അവർ വിവരിക്കുകയും ചെയ്തു. ശിവരാമനെ പോലെ വർഷങ്ങളായി ഭവാനിയും പിഎഫ് ഓഫിസിൽ കയറി ഇറങ്ങുകയാണ്. എന്നാൽ ഇനിയും പണം ലഭിച്ചിട്ടില്ല.

'ഏഴു വർഷമായി ഞാൻ വിരമിച്ചിട്ട്. അന്നുതൊട്ട് ഈ പടികൾ കയറിയിറങ്ങുന്നു. ഇനിയും പെൻഷൻ പാസായിട്ടില്ല'. എറണാകുളം റീജനൽ പിഎഫ് ഓഫിസിന്റെ പടികളിലേക്കു നോക്കി കെ.എ.ഭവാനി പറഞ്ഞു. ബിനാനി സിങ്ക് എന്ന സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്നു ഈ ആലുവ പാനായിക്കുളം സ്വദേശിനി. നീണ്ട സർവീസ് കാലയളവിൽനിന്നു വിരമിച്ചപ്പോൾ കിട്ടാനുള്ള പിഎഫ് തുകയെ പ്രതീക്ഷയോടെയാണ് കണ്ടത്. 'അര ലക്ഷത്തോളം രൂപയാണു കിട്ടാനുള്ളത്. ഓരോ തവണയും ഓരോ സാങ്കേതിക കാരണങ്ങൾ പറയും'. ഭവാനി പറഞ്ഞു.