ആലപ്പുഴ: എടത്വായിൽ പൊലീസ് ജീപ്പ് സ്‌കൂട്ടറിലിടിച്ച് യുവാവ് അതിദാരുണമായി മരിച്ചു. എടത്വ ഇരുപതിൽചിറ സ്വദേശി സാനി ബേബി (29) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.30ന് പച്ചയിൽ ലൂർദ്ദ് മാതാ ആശുപത്രിക്കു സമീപമാണ് അപകടം ഉണ്ടായത്. ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ സിഐ സഞ്ചരിച്ച ജീപ്പ്് സാനി സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിക്കുക ആയിരുന്നു.

ഇടിയുടെ ആഘാതത്തിൽ പൊലീസ് വാഹനത്തിന്റെ അടിയിൽപ്പെട്ട സ്‌കൂട്ടറും സാനിയും അഞ്ചുമീറ്ററോളം നിരങ്ങിമാറി. സാനി ജീപ്പിനടിയിൽ കുടുങ്ങിക്കിടന്നതായി നാട്ടുകാർ പറഞ്ഞു. വണ്ടാനം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പച്ച ചെക്കിടിക്കാട് പള്ളിയിൽ നടക്കുന്ന പെരുന്നാൾ ചടങ്ങിൽ പങ്കെടുക്കാൻ പോകുമ്പോഴായിരുന്നു സാനി ബേബി അപകടത്തിൽപ്പെട്ടത്. മാതാപിതാക്കൾ: ബേബി വർഗീസിസ് സുനി. സഹോദരങ്ങൾ: സോബി ബേബി, സിബിച്ചൻ ബേബി.