കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിൽ ശീവേലിക്ക് കൊണ്ടുവന്ന രണ്ടു കൊമ്പൻ ആനകളെ പാപ്പാന്മാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. മനുഷ്യ- മൃഗ സംഘർഷവുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന ഹൈക്കോടതിയിലെ പ്രത്യേക ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ഗുരുവായൂർ ക്ഷേത്രത്തിൽ ശീവേലിക്ക് കൊണ്ടുവന്ന ആനയ്ക്ക് ക്രൂരമായ മർദനമേറ്റ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത നടയ്ക്കിരുത്തിയ കൃഷ്ണ എന്ന ആനയേയും ജൂനിയർ കേശവനെയും പാപ്പാന്മാർ അതിക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളായിരുന്നു ഇത്. പല ദിവസങ്ങളിലായി മർദ്ദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇതിന് പിന്നാലെ മൃഗസ്നേഹികളുടെയടക്കം ഭാഗത്തുനിന്ന് വലിയ പ്രതിഷേധമാണ് ഉയർന്നത്.

ഇതിന് പിന്നാലെ സംഭവത്തിൽ വനംവകുപ്പ് കേസെടുക്കുകയും പാപ്പാന്മാരുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു. ആനകളുടെ പരിക്ക് ഫോറസ്റ്റ് വെറ്ററിനറി ഡോക്ടർമാർ വെള്ളിയാഴ്ച പരിശോധിക്കും. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പാപ്പാന്മാരെ ദേവസ്വം ജോലിയിൽനിന്ന് മാറ്റി നിർത്തിയിരുന്നു.

പാപ്പാന്മാരുടെ നിർദ്ദേശം അനുസരിക്കാത്തതാണ് മർദ്ദനത്തിന് കാരണമെന്ന് പറയുന്നു. കൃഷ്ണയുടെ ചട്ടക്കാരൻ ശരത്, രണ്ടും മൂന്നും പാപ്പാന്മാരായ വിബിൻ, ഹരി എന്നിവരെയാണ് മാറ്റിയത്. ജൂനിയർ കേശവനെ തൃശ്ശൂരിൽ എഴുന്നള്ളിപ്പിന് കൊണ്ടുപോയിരിക്കുന്നതിനാൽ തിരിച്ചുവന്നിട്ടേ അതിന്റെ ചട്ടക്കാരനെതിരേ നടപടിയുണ്ടാകൂ.

ക്ഷേത്രത്തിൽ ശീവേലിക്ക് കൊണ്ടുവരുന്ന ആനകളെ കെട്ടുന്ന തെക്കേ നടയിലേ ശീവേലിപ്പറമ്പിൽ വച്ചാണ് മർദനം. കൃഷ്ണയെ വടി കൊണ്ട് തലങ്ങും വിലങ്ങും ആഞ്ഞടിക്കുന്നത് ദൃശ്യത്തിലുണ്ട്. കുളിപ്പിക്കാൻ കിടത്തിയ സമയത്താണ് ജൂനിയർ കേശവനെ മർദിച്ചത്. ചട്ടക്കാരൻ പി.സി. വാസുവാണ് മർദിക്കുന്നതെന്ന് ദൃശ്യത്തിൽനിന്ന് ദേവസ്വം തിരിച്ചറിഞ്ഞിട്ടുണ്ട്. വാലിന്റെ മുകൾഭാഗത്തും വയറ്റിലും ആഞ്ഞടിക്കുകയും കാലിൽ തോട്ടിയിട്ടു വലിക്കുകയും ചെയ്യുന്നത് വീഡിയോയിൽ ഉണ്ട്. ഈ സമയം ആന നിലവിളിക്കുന്നതും കേൾക്കാം.

കഴിഞ്ഞ വർഷം ദേവസ്വം റിക്രൂട്ട്മെന്റിലൂടെ ജോലിയിൽ പ്രവേശിച്ചയാളാണ് ശരത്. 18 പേരിൽ ഒന്നാംറാങ്കുകാരനാണിയാൾ. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിത നടയിരുത്തിയ ആനയാണ് കൃഷ്ണ. ഇക്കഴിഞ്ഞ ജനുവരി ആറിനാണ് ഗുരുവായൂർ ക്ഷേത്രത്തിൽ അവസാനമായി ശീവേലിക്ക് കൊണ്ടുവന്നത്. മർദനം നടന്നത് ആ ദിവസമാണെന്ന് ഉറപ്പില്ല. ബുധനാഴ്ച രാത്രിയാണ് മർദനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചത്.

ശീവേലിപ്പറമ്പിന്റെ അടുത്തുള്ള കെട്ടിടത്തിന്റെ മുകളിൽനിന്ന് പകർത്തിയ ദൃശ്യങ്ങളായിരുന്നു അത്. ദേവസ്വം മന്ത്രി രാധാകൃഷ്ണന്റെ നിർദേശത്തെ തുടർന്ന്, ആനക്കോട്ടയിലെ ഡെപ്യൂട്ടി അഡ്‌മിനിസ്ട്രേറ്ററിൽനിന്ന് വിശദീകരണം തേടിയിട്ടുണ്ടെന്ന് ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ പറഞ്ഞു. ശീവേലിക്ക് കൊണ്ടുവരുന്ന സമയത്ത് ആനകൾക്കൊപ്പം ആരൊക്കെ ഉണ്ടായിരുന്നുവെന്നതു സംബന്ധിച്ച വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.