പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ വേനൽച്ചുടിന്റെ കാഠിന്യം കൂടിവരുന്നതിനാൽ സൂര്യതപം ഏൽക്കാനുള്ള സാധ്യതയുണ്ടെന്നും രാവിലെ 11 മുതൽ മൂന്നു വരെയുള്ള സമയം നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.എൽ.അനിതാകുമാരി അറിയിച്ചു. സൂര്യതപം, സൂര്യാഘാതം, മറ്റ് പകർച്ചവ്യാധികൾ എന്നിവയ്‌ക്കെതിരെ ജാഗ്രത വേണം.

സൂര്യാഘാതം

ശരീരത്തിൽ കനത്ത ചൂട് നേരിട്ട് ഏൽക്കുന്നവർക്കാണ് സൂര്യാഘാതം ഏൽക്കാൻ സാധ്യത കൂടുതൽ. അന്തരീക്ഷതാപം പരിധിക്കപ്പുറം ഉയർന്നാൽ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകും. ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് പോകാൻ തടസം നേരിടുന്നതോടെ ശരീരത്തിന്റെ പ്രവർത്തനങ്ങൾ തകരാറിലാകുന്ന അവസ്ഥയാണ് സൂര്യാഘാതം.ലക്ഷണങ്ങൾ :ശരീരോഷ്മാവ് ഉയരുക, ചർമ്മം വരണ്ട് പോകുക, ശ്വസനപ്രക്രിയ സാവധാനമാകുക, തലവേദന, ക്ഷീണം, ബോധക്ഷയം, പേശിവലിവ്.

സൂര്യതപം

സൂര്യാഘാതത്തേക്കാൾ കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യതപം. വെയിലത്ത് ജോലി ചെയ്യുന്നവരിൽ നേരിട്ട് വെയിൽ ഏൽക്കുന്ന ശരീരഭാഗങ്ങൾ ചുവന്നു തുടുക്കുകയും, വേദനയും പൊള്ളലും ശരീരത്തിൽ നീറ്റലും ഉണ്ടാവുകയും ചെയ്യാം. കടുത്ത ചൂടിനെ തുടർന്ന് ശരീരത്തിൽ നിന്നും ധാരാളം ജലവും ലവണങ്ങളും വിയർപ്പിലൂടെ നഷ്ടപ്പെടുന്നതുമൂലമാണ് ഇങ്ങനെയുണ്ടാകുന്നത്.

ലക്ഷണങ്ങൾ :അമിതമായ വിയർപ്പ്, ക്ഷീണം, തലക്കറക്കം, തലവേദന, ഓക്കാനം, ഛർദ്ദി, ബോധക്ഷയം അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ ശരീരം കൂടുതലായി വിയർത്ത് നിർജ്ജലീകരണം സംഭവിക്കാം. പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവർ, വെയിലത്ത് ജോലിചെയ്യുന്നവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.

ഇവ ശ്രദ്ധിക്കാം :

ദാഹമില്ലെങ്കിലും തിളപ്പിച്ചാറിയ വെള്ളം ധാരാളം കുടിക്കണം.
നേരിട്ടുള്ള വെയിൽ ഏൽക്കരുത്. കുടയോ, തൊപ്പിയോ ഉപയോഗിക്കുക.
കട്ടി കുറഞ്ഞ ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.
കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കരുത്.
വെയിലത്ത് പാർക്ക് ചെയ്യുന്ന കാറിൽ കുട്ടികളെ ഇരുത്തിയിട്ട് പോകരുത്.
വീടിന്റെ വാതിലുകളും ജനലുകളും തുറന്നിട്ട് വായു സഞ്ചാരം ഉറപ്പു വരുത്തുക.
വെയിൽ ഏൽക്കാൻ സാധ്യതയുള്ളവർ മദ്യവും കഫീനും അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക.

സൂര്യാഘാതം ഏറ്റതായി തോന്നിയാൽ വെയിലുള്ള സ്ഥലത്തു നിന്നും തണുത്ത സ്ഥലത്തേക്ക് മാറി വിശ്രമിക്കണം. ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങൾ മാറ്റി, തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുക. ധാരാളം വെള്ളം കുടിക്കുക. ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാവുകയോ ചെയ്താൽ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ തേടണം.ചൂടുകാലത്ത് കുടുതലായി ഉണ്ടാകുന്ന വിയർപ്പിനെ തുടർന്ന് ശരീരം ചൊറിഞ്ഞ് തിണർത്ത് ഹീറ്റ് റാഷ് (ചൂടുകുരു) ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. പ്രധാനമായും കുട്ടികളെയാണ് ഇത് ബാധിക്കുന്നത്. ചൂടുകാലത്ത് മറ്റ് പകർച്ച വ്യധികൾക്കും സാധ്യതയുള്ളതിനാൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.